കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. 2008 ലാണ് റാണ കൊച്ചിയിലെത്തിയത്. എന്‍ഐഎ കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എന്‍ഐഎ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. റാണയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് പാക് ഗൂഢാലോചന പുറത്തു കൊണ്ടു വരാനാകും എന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.
2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന് മുന്‍പാണ് റാണ കൊച്ചി സന്ദര്‍ശിച്ചത്. നവംബര്‍ 11 മുതല്‍ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. ഭീകരാക്രമണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു റാണയുടെ സഞ്ചാരമെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.
2008 നവംബര്‍ 16,17 തിയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെ കാണാനാണ് റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശന ലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.
ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ നിരീക്ഷിച്ച് വരികയാണ്. റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ, ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും.
റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതേസമയം കേരളത്തില്‍ നിന്ന് യുവാക്കളെ ലഷ്‌കറെ ത്വയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി മലയാളിയായ കെ.പി സാബിറിനെ രാജ്യം വിടാന്‍ സഹായിച്ചതില്‍ റാണയുടെ പങ്കും പരിശോധിക്കും. റാണ കൊച്ചിയില്‍ നിന്ന് പോയി ദിവസങ്ങള്‍ക്കുള്ളില്‍ സാബിര്‍ രാജ്യം വിട്ടു.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് മുംബൈ വിമാനത്താവളം വഴി സാബിര്‍ രക്ഷപ്പെട്ടത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കറെ ത്വയ്ബയുടെ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.