ഇടുക്കി : തൊടുപുഴ തൊമ്മൻകുത്തിൽ സെന്‍റ. തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റിയതിൽ പ്രതിഷേധം ശക്തം. കത്തോലിക്ക കോൺഗ്രസ് അടക്കമുള്ള സംഘടനകൾ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൊമ്മൻകുത്തിൽ കുരിശ് പൊളിച്ചു നീക്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ഫാ.ജോൺസൻ പാലപ്പിള്ളി സിഎംഐ പോസിറ്റീവ് സ്ട്രോക്കിൽ പങ്കിട്ട വീഡിയോ ശ്രദ്ധേയമാകുന്നു. ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് കടക്കുമ്പോൾ മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ തൊമ്മൻകുത്ത് സെൻറ് തോമസ് ദേവാലയം കുരിശിന്റെ വഴി പ്രാർത്ഥനകൾക്കായി സ്ഥാപിച്ച കുരിശ് പിഴുതെറിഞ്ഞ് വിശ്വാസികളുടെ മനസിൽ മുറിവേൽപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. കേരളത്തെ വനമാക്കി മാറ്റുവാൻ അച്ചാരം ഏറ്റെടുത്തിരിക്കുന്ന വനം വകുപ്പ് നടത്തിയത് മതനിന്ദയാണെന്ന് ഫാ.ജോൺസൻ പാലപ്പിള്ളി പറഞ്ഞു.
തൊമ്മൻകുത്തിൽ നിന്ന് ആനചാടിക്കുത്തിലേക്ക് പോകുംവഴിയാണ് റോഡരികിലുളള ഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. വെളളിയാഴ്ച രാത്രിയോടെ പണി പൂർത്തിയായി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് നടപടി തുടങ്ങി. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ ശനിയാഴ്ച ഉച്ചയോടെ പൊളിച്ചു നീക്കി. ജോയിന്റ് വെരിഫിക്കേഷനിൽ ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു. കുരിശ് സ്ഥാപിച്ചതിന് സെന്റ്. തോമസ് പള്ളി വികാരിക്കെതിരെയുൾപ്പെടെ കേസെടുക്കുമെന്ന് കാളിയാർ റേയ്ഞ്ച് ഓഫീസർ പറഞ്ഞു.
എന്നാൽ വനംവകുപ്പിന്റേത് അസാധാരണ നടപടിയെന്നാണ് വിശ്വാസികൾ പറഞ്ഞു. കാലാകാലങ്ങളായി പള്ളിയുടെ കൈവശമുളള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഭൂമിയുടെ മുഴുവൻ രേഖകളും എവിടെ വേണമെങ്കിലും ഹാജരാക്കും. വനംവകുപ്പ് നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് പളളി ഭാരവാഹികൾ പറഞ്ഞു. വനംവകുപ്പ് നടപടിക്കെതിരെ അടുത്ത ദിവസം ഇടവക അംഗങ്ങളുടെ യോഗം വിളിച്ച് തുടർ സമരം ശക്തമാക്കാനാണ് വിശ്വാസികളുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.