ന്യൂഡല്‍ഹി: ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയാല്‍ ആശുപത്രിയുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി. നവജാത ശിശുവിന്റെ സംരക്ഷണം എല്ലാ അര്‍ഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ നിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികള്‍ക്ക് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി പൊതുനിര്‍ദേശങ്ങള്‍ ഇറക്കിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഹൈക്കോടതിക്കും ഈ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങണമെന്നും അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഭാരതീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് (ബേര്‍ഡ്) നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കാണാതായ കുട്ടികളെ കണ്ടെത്തും വരെ അതിനെ മനുഷ്യക്കടത്ത് കേസായി പരിഗണിക്കണമെന്നാണ് ബേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ സംസ്ഥാനങ്ങള്‍ക്കും ഹൈക്കോടതികള്‍ക്കും വിവിധ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി. കുഞ്ഞുങ്ങളെ കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണയുടെ തല്‍സ്ഥിതി പരിശോധിക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതിദിനാ അടിസ്ഥാനത്തില്‍ വാദം കേട്ട് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. ചെറിയൊരു ജാഗ്രതക്കുറവിന് പോലും വലിയ വിലകൊടുക്കേണ്ടി വരും. ഒരു കുഞ്ഞ് മരിക്കുന്നതിന്റെ വേദന പോലെയല്ല നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്നത്. കുഞ്ഞിനെ നഷ്ടമായാല്‍ ജീവിതകാലം മുഴുവന്‍ ആ വേദന നിലനില്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.