സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസയച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍ അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവര്‍ക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആര്‍എല്‍, എക്‌സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍ കക്ഷികള്‍.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ അന്വേഷണം നടന്നു. അതിനപ്പുറത്തേക്ക് ഒരു സിബിഐ അന്വേഷണം ആവശ്യമുണ്ടോയെന്നുള്ള കാര്യമാണ് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നത്.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കൂടി പരിശോധിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന എല്ലാവരുടേയും വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്എഫ്‌ഐഒയുടെ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയിലെത്തുകയും കുറ്റം ചുമത്തുകയുമെല്ലാം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സ്റ്റാറ്റ്‌സ്‌കോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതിയില്‍ വ്യക്തമാക്കി. കേസ് മെയ് 27 ന് വീണ്ടും പരിഗണിക്കും.

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തേക്ക് തുടര്‍ നടപടി നിര്‍ത്തി വയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.