തിരുവനന്തപുരം: ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കും.
ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത, സാമുദായിക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ലഹരിക്കെതിരായ ക്യാമ്പയിന്‍ തുടരും. ഈ വിപത്തിനെതിരായ ജാഗ്രത എല്ലാവരും പുലര്‍ത്തണം. സവിശേഷ ദിവസങ്ങളില്‍ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ വായിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍ ഇവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കണം. ഈ ദൗത്യം എല്ലാവരും ചേര്‍ന്നാണ് നടത്തുന്നത്. വിവേചനത്തിന് ഇടമില്ല. യാതൊരുവിധ ഭേദ ചിന്തയുമില്ല.
ഒരേ മനസോടെ എല്ലാവരും ഇതില്‍ പങ്കാളികളാകണം. വിപുലമായ ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ നല്‍കാന്‍ മത, സാമുദായിക സംഘടനകളോടും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ മാസവും അടുത്ത മാസവും ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വ്യാപകമായ ഒരുക്കങ്ങള്‍ നടത്തണം. ജൂണ്‍ മാസത്തിലാണ് വിപുലമായ ക്യാമ്പയിന്‍ നടത്തുക. കുട്ടികളെയും യുവജനങ്ങളെയും ഊന്നിയാണ് ക്യാമ്പയിന്‍. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
കഴിഞ്ഞ ഒരാഴ്ച കാലത്ത് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പേറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 927 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 994 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 248.93 ഗ്രാം എംഡിഎംഎയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.