കൊച്ചി: ലഹരി ഉപയോഗിച്ച് നടന്‍ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് രേഖാമൂലം പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്ന് വിന്‍സി പരാതിയില്‍ പറയുന്നു.
താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് എ.എം.എം.എ അഡ്‌ഹോക്ക് കമ്മിറ്റി അംഗം ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. നടി പേര് തുറന്ന് പറയുന്ന നിലയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു.
അതേസമയം വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമായി എടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. വിഷയത്തില്‍ എക്സൈസ് നടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വെളിപ്പെടുത്തലില്‍ സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഹതാരം ലഹരി ഉപയോഗിച്ചതിന് സാക്ഷിയാണെന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങളുണ്ടോ എന്നാണ് നിലവില്‍ എക്സൈസ് പരിശോധിക്കുന്നത്.
വിന്‍സിയില്‍ നിന്നും പരാതി വാങ്ങി കേസെടുത്ത് നടപടികള്‍ ആരംഭിക്കാന്‍ പൊലീസും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വിന്‍സിയുമായി സംസാരിച്ചേക്കും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു യുവതാരം വിന്‍സി അലോഷ്യസ് മലയാള സിനിമയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വെളിപ്പെടുത്തല്‍ നടത്തിയത്.
ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നുമായിരുന്നു നടിയുടെ പ്രസ്താവന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.