ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ മോചിപ്പിച്ച് ഒഡീഷ സർക്കാർ

ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ മോചിപ്പിച്ച് ഒഡീഷ സർക്കാർ

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ജയിലിൽ നിന്നും മോചിപ്പിച്ച് ഒഡീഷയിലെ ബിജെപി സർക്കാർ. തടവ് ജീവിതകാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണ് മോചനം.

കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിങ് എന്ന ധാരാ സിങ്ങിന്റെ ഉറ്റ കൂട്ടാളിയായ ഹെംബ്രാമിനെ മോചിപ്പിച്ച ശേഷം ജയിലധികൃതരും സംഘപരിവാർ സംഘടനകളും ചേർന്ന് ഹാരമണിയിക്കുകയും ചെയ്തു. ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് തിമോത്തി എന്നിവർ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസിൽ ധാരാ സിങിനെയും ഹെംബ്രാമിനെയും മാത്രമാണ് ശിക്ഷിച്ചത്. സെ്റ്റയിൻസിന്റെ മക്കൾക്ക് യഥാക്രമം പത്തും ആറും വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ പ്രായം.

1999 ജനുവരി 21 രാത്രിയാണ് സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. കിയോഝർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവമുണ്ടായത്. വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു.

സ്റ്റെയ്ൻസിൻറെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപ്പെട്ടു. ആദിവാസികളെ മതപരിവർത്തനം നടത്തുകയാണെ ന്നാരോപിച്ചായിരുന്നു സ്റ്റെയ്ൻസിനെയും കുട്ടികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. യുപിയിൽനിന്ന് ഒഡീഷയിലേക്കു വന്ന ദാരാ സിംഗാണ് ആക്രമണത്തിൻറെ സൂത്രധാരൻ. ധാരാ സിങ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്.

ഇവരിൽ 12 പേരെ വിട്ടയയച്ചു. ദാരാ സിങിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹെംബ്രാം 1999ൽ അറസ്റ്റിലായി. 2000 ജനുവരി 31നാണ് ധാരാ സിങിനെ പിടികൂടിയത്. 2003ൽ ധാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിൽ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റിൽ ഇയാൾ സുപ്രീം കോടതിയിൽ ദയാ ഹർജി നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.