ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണമെന്ന ആവശ്യവുമായി എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍.
എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ട പരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജിയിലെ ആവശ്യം.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകുളുടെ വാദം.
ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, തേയില ചെടികള്‍, മറ്റ് കാര്‍ഷിക വിളകള്‍ എല്ലാം കൂടി ചേര്‍ത്ത് 26.56 കോടി രൂപ നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാല്‍ ഇത് വളരെ കുറവ് ആയിരിക്കുമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം. ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയിലും കുറവാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.