ജെ.ഇ.ഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 24 പേര്‍ക്ക് പെര്‍ഫക്ട് 100; കേരളത്തിലെ ടോപ് സ്‌കോറര്‍ അക്ഷയ് ബിജു

ജെ.ഇ.ഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 24 പേര്‍ക്ക് പെര്‍ഫക്ട് 100; കേരളത്തിലെ ടോപ് സ്‌കോറര്‍ അക്ഷയ് ബിജു

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റിലും ഫലം അറിയാം.

ഇത്തവണത്തെ പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പെര്‍ഫെക്ട് ടെന്‍ എന്ന ടെന്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.

ജെഇഇ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ടോപ് സ്‌കോററായത് അക്ഷയ് ബിജുവാണ്. 99.9960501 മാര്‍ക്കാണ് അക്ഷയ്ക്ക് ലഭിച്ചത്. കേരളത്തില്‍ നിന്ന് ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. ജനറല്‍, ജനറല്‍-ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍, എസ്സി, എസ്ടി, പിഡബ്ല്യുബിഡി എന്നി വിഭാഗങ്ങളിലെ ദേശീയ ടോപ്പര്‍മാരിലും കേരളത്തില്‍ നിന്ന് ആരുമില്ല. നൂറ് മാര്‍ക്ക് നേടിയവരില്‍ രണ്ട് പെണ്‍കുട്ടികളാണുള്ളത്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ പെര്‍ഫെക്റ്റ് സ്‌കോറര്‍മാര്‍ ഉള്ളത്.

ഒഡിഷയിലെ ഭുവനേശ്വര്‍ സ്വദേശിയായ ഓം പ്രകാശ് ബെഹെറയാണ് രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവരില്‍ ഒരാള്‍. കോട്ടയില്‍ പരിശീലനത്തിലായിരുന്ന ഓം പ്രകാശ് 300 ല്‍ 300 മാര്‍ക്കും നേടി. ഇപ്പോള്‍ ജെഇഇ അഡ്വാന്‍സ്ഡിനുള്ള തയ്യാറെടുപ്പിലാണ് ഓം പ്രകാശ്. അദേഹത്തിന്റെ പിതാവ് കമല്‍കാന്ത് ബെഹെറ ഒഡിഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. മകന്റെ പഠനത്തില്‍ പൂര്‍ണമായി സഹായിക്കുന്നതിന് അദേഹം ഡല്‍ഹിയിലേക്ക് ഡെപ്യൂട്ടേഷന്‍ എടുത്തു.

ഒഡിഷയില്‍ കോളജ് ലക്ചററായ ഓം പ്രകാശിന്റെ അമ്മ സ്മിത റാണി ബെഹെറ കഴിഞ്ഞ മൂന്ന് വര്‍ഷമായി കോട്ടയില്‍ മകനോടൊപ്പം താമസിക്കുകയാണ്. മകന്റെ പഠനത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് കരിയര്‍ തന്നെ മാറ്റിവച്ച് മകനോടൊപ്പം നില്‍ക്കുന്നതെന്ന് അമ്മ പറയുന്നു. ഓം പ്രകാശ് പത്താം ക്ലാസ് മുതല്‍ ഐഐടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ട്. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്നു.

കഴിഞ്ഞ് പോയതില്‍ ആശങ്കപ്പെടുന്നതിന് പകരം മുന്നിലുള്ളതിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തന്റെ വിജയത്തിന്റെ പ്രധാന തന്ത്രമെന്ന് ഓം പ്രകാശ് പറയുന്നു. ആഴ്ചതോറുമുള്ള പരീക്ഷകളില്‍ ഗ്രാഫ് മുകളിലേക്കും താഴേക്കും പോയിക്കൊണ്ടിരുന്നു. എന്നാല്‍ ഓരോ പരിശോധനയ്ക്ക് ശേഷവും സ്വയം വിശകലനം നടത്തി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അവ തിരുത്താന്‍ ശ്രമിച്ചുവെന്ന് ഓം പ്രകാശ് പറയുന്നു.

പഠനകാലത്ത് ഓം പ്രകാശ് മൊബൈല്‍ ഫോണില്‍ നിന്ന് അകന്ന് നിന്നിരുന്നു. ഫോണ്‍ ശ്രദ്ധ തിരിക്കുന്ന ഒന്നാണെന്നാണ് ഓം പ്രകാശിന്റെ പക്ഷം. അതിനാല്‍ ഉപയോഗിക്കുന്നില്ല. എല്ലാ ദിവസവും ഏകദേശം എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ പഠിക്കാറുണ്ട്. ഐഐടി മുംബൈയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യം. പഠനത്തോടൊപ്പം നോവലുകളും വായിക്കാറുണ്ടെന്നും ഓം പ്രകാശ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.