അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മോഡി-വാന്‍സ് കൂടിക്കാഴ്ച നടക്കുന്നത്.

കുടുംബത്തോടൊപ്പമാണ് വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ വാന്‍സിനും കുടുംബത്തിനും അത്താഴവിരുന്ന് നല്‍കും. ഈസ്റ്റര്‍ ദിന ആഘോഷങ്ങളുടെ ഭാഗമായി വാന്‍സും കുടുംബവും നിലവില്‍ വത്തിക്കാനിലാണ്. വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും.

ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. വ്യാപാരം, താരിഫ്, പ്രതിരോധം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചും ചര്‍ച്ച നടക്കും.

24 വരെ യു.എസ് വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് പോകും. പിന്നീട് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും.

അതേസമയം അമേരിക്കന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനും ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ നാശത്തിനും മുമ്പ് ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി അവതരിപ്പിക്കുമോ എന്ന ചോദ്യവും കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

പാരീസ് ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്മാറിയതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി അറിയിക്കുമോ എന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.