തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണ ദാസ് ഒടുവില്‍ പിടിയിലായി. മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ചാലക്കുടി നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തില്‍ നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 27 നാണ് എക്‌സൈസ് അവരെ അറസ്റ്റ് ചെയ്തത്. 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ കീഴടങ്ങിയിരുന്നില്ല.
കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ എക്‌സൈസിനും പങ്കുണ്ടെന്നുമാണ് ഷീല ആരോപിക്കുന്നത്. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല.
ഷീല സണ്ണി ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഉപജീവന മാര്‍ഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ അടച്ചു പൂട്ടേണ്ടി വന്നിരുന്നു. സുമനസുകളുടെ സഹായത്തോടെ പുതിയ പാര്‍ലര്‍ ആരംഭിച്ചെങ്കിലും മറ്റുള്ളവര്‍ സംശയ ദൃഷ്ടിയോടെ കണ്ടതിനാല്‍ അതും പൂട്ടേണ്ടി വന്നു. തുടര്‍ന്ന് നാടുവിട്ട ഷീല ഇപ്പോള്‍ ചെന്നൈയില്‍ ഡേ കെയറില്‍ ആയയായി ജോലി നോക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.