കാനഡയില്‍ മൂന്നാം വട്ടവും ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍; ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയെന്ന് മാര്‍ക് കാര്‍ണി

കാനഡയില്‍ മൂന്നാം വട്ടവും ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍; ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയെന്ന് മാര്‍ക് കാര്‍ണി

ഒട്ടാവ: കാനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍. 343 സീറ്റുകളില്‍ 167 ലും ജയിച്ചാണ് ഭരണം ഉറപ്പിച്ചത്. ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയാണ് വിജയമെന്ന് മാര്‍ക് കാര്‍ണി ഫലം വന്നതിന് പിന്നാലെ പ്രതികരിച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോളിവെര്‍ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. 147 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത്. ബ്ലോക്ക് ക്യൂബെക്കോയിസ് 23 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.

ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങിനോട് ജഗ്മീത് സിങ് പരാജയപ്പെട്ടു. സിങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി. അതേസമയം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂല നേതാവായി അറിയപ്പെടുന്ന ജഗ്മീത് സിങ് എന്‍ഡിപി നേതൃപദവിയില്‍ നിന്ന് രാജിവച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സിങ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുന്നത്.

എന്‍ഡിപിക്ക് കൂടുതല്‍ സീറ്റ് നേടാന്‍ കഴിയാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് ജഗ്മീത് സിങ് പ്രതികരിച്ചു. എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസിയായ മാര്‍ക്ക് കാര്‍ണി

മാര്‍ക്ക് കാര്‍ണി ഒരു തികഞ്ഞ റോമന്‍ കത്തോലിക്ക വിശ്വാസിയാണ്. തന്റെ വിശ്വാസം തന്റെ മൂല്യങ്ങളെ പ്രത്യേകിച്ച് ധാര്‍മ്മികത, സാമൂഹിക ഉത്തരവാദിത്തം, കാര്യനിര്‍വഹണം എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ധാര്‍മ്മിക ലക്ഷ്യത്തിന്റെ പ്രാധാന്യം കാര്‍ണി പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൂടാതെ 'Value(s): Building a Better World for All' എന്ന പുസ്തകത്തിലെ രചനയിലും പ്രസംഗങ്ങളിലും ആ ധാര്‍മ്മികതയെപ്പറ്റിയുള്ള വീക്ഷണം നമ്മുക്ക് കാണാന്‍ സാധിക്കും.

കാലാവസ്ഥാ, സാമ്പത്തിക നീതി എന്നിവയോടുള്ള അദേഹത്തിന്റെ പ്രതിബദ്ധത കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. കൂടാതെ പൊതുനന്മ, സൃഷ്ടിയെക്കുറിച്ചുള്ള കരുതല്‍ തുടങ്ങിയ കത്തോലിക്കാ സാമൂഹിക തത്വങ്ങളുമായി അദേഹത്തിന്റെ നിലപാടുകള്‍ക്ക് വളരെയധികം സാമ്യവും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.