ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; നിയമനം അംഗീകരിച്ച് രാഷ്ട്രപതി

ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; നിയമനം അംഗീകരിച്ച് രാഷ്ട്രപതി

ചുമതലയേല്‍ക്കുക മെയ് 14 ന്

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമനം അംഗീകരിച്ചു. 52-ാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14 നാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധികാരമേല്‍ക്കുക. മെയ് 13 ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബ.ആര്‍ ഗവായ് എത്തുന്നത്.

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ഗവായ്. സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ബി.ആര്‍ ഗവായ്ക്ക് 64 വയസാണ് പ്രായം. മുന്‍പ് ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആര്‍.എസ് ഗവായ്-കമല ദമ്പതികളുടെ മകനായാണ് ജനനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഗവായ്) നേതാവും എംപിയും ഗവര്‍ണറുമായിരുന്നു പിതാവ് ആര്‍.എസ് ഗവായ്. ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്നാണ് പൂര്‍ണനാമം.

മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ജസ്റ്റിസ് രാജ എസ്. ബോണ്‍സാലെയോടൊപ്പമാണ് ജസ്റ്റിസ് ഗവായ് 1987 വരെ പ്രവര്‍ത്തിച്ചത്. 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബര്‍ 12 ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24 ന് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.