ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചേയായിരുന്നു അന്ത്യം. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യ നേടിയത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ സണ്ണി തോമസ് 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.

റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദേഹം വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഷൂട്ടിങില്‍ ഇന്ത്യ നേടിയ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്.

പാല തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26 നാണ് സണ്ണി തോമസ് ജനിച്ചത്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ അധ്യാപകനായിരുന്നു.

ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: ജീസസ് യൂത്ത് അന്തര്‍ദേശീയ നേതാവ് മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.