തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കെ വിഴിഞ്ഞത്ത് ബോംബ് ഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബോംബ് ഭീഷണി വ്യാജമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറത്തെ ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
നാളെ രാവിലെ 11 നാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് സന്ധ്യയോടെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങും.
നാളെ രാവിലെ പത്ത് മണിയോടെ ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവര്‍ത്തന സൗകര്യങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ഏഴ് പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിങ് ചടങ്ങ്. 12.30ന് ചടങ്ങ് പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
കാശ്മീര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം കമ്മിഷനിങ് ചടങ്ങ് മാറ്റി വയ്ക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അതില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അറിയിച്ചത്.
പഴുതടച്ച സുരക്ഷയാണ് ഇന്നും നാളെയും ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ സുരക്ഷാ ട്രയല്‍ നടന്നു. ഇന്നും സുരക്ഷാ ട്രയല്‍ ഉണ്ടാവും. ഇന്നും നാളെയും തലസ്ഥാനത്തും അനുബന്ധ റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ് പോര്‍ട്‌സ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹീം, എം.വിന്‍സെന്റ് എംഎല്‍എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍,അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.