കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎല്‍എ എം. വിന്‍സെന്റ്.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ന് നടക്കാനിരിക്കെയാണ് സ്ഥലം എംഎല്‍എയായ എം. വിന്‍സെന്റ് കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശച്ചത്. പുലര്‍ച്ച സ്ഥലത്തെത്തിയ അദേഹം കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് വിന്‍സെന്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഏത് അഴിമതി ആരോപണവും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഇറങ്ങി തിരിച്ചത് കൊണ്ടാണ് ഈ തുറമുഖം ഇന്ന് യാഥാര്‍ഥ്യമായത്.
തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ എല്ലാ അവകാശങ്ങളും എടുക്കാന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പരസ്യങ്ങളിലൂടെ മത്സരിക്കുകയാണ്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന്.
ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്നാണ് പിണറായി വിജയന്‍ ചോദിച്ചത്. കല്ലിട്ടാല്‍ അല്ല, കരാര്‍ ഒപ്പിട്ടാല്‍ തുറമുഖമാകും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കരാര്‍ ഒപ്പിട്ടത്. വിഴിഞ്ഞം തുറമുഖം നിര്‍മിക്കേണ്ട അദാനി ഗ്രൂപ്പ് അത് പൂര്‍ത്തീകരിച്ചു.
എന്നാല്‍ പശ്ചാത്തല സൗകര്യം ഒരുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്തില്ല. ഇവിടെ എന്താണ് പശ്ചാത്തല സൗകര്യം? റെയില്‍ കണക്ടിവിറ്റിയും റോഡ് കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ലെന്നും എം. വിന്‍സെന്റ് പറഞ്ഞു.
'ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പ്രകാരം ആറ് വര്‍ഷത്തിനുള്ളില്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കണം. 2021 ല്‍ റെയില്‍ കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ടതാണ്. 2025 ആയിട്ടും റെയില്‍ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് ദേശീയ പാതയുമായി ബന്ധപ്പിക്കണമെന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്. രണ്ടു കൊല്ലം കൊണ്ട് റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കേണ്ടതാണ്. അങ്ങനെ നോക്കിയാല്‍ 2017 ല്‍ റോഡ് കണക്ടിവിററി പൂര്‍ത്തിയാവേണ്ടതുണ്ട്. ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണവും എവിടെയും എത്തിയിട്ടില്ല. പ്രദേശത്തുള്ളവര്‍ക്ക് ജോലി നല്‍കാന്‍ ലക്ഷ്യമിട്ട് സീഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇതുവരെ തുടങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ 2019 ല്‍ തന്നെ എല്ലാം പൂര്‍ത്തിയാകുമായിരുന്നുവെന്നും എം. വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.