പാകിസ്ഥാനെ സാമ്പത്തികമായും പൂട്ടാന്‍ ഇന്ത്യ; വായ്പ പിന്തുണ പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര ബാങ്കുകളെ സമീപിക്കും

പാകിസ്ഥാനെ സാമ്പത്തികമായും പൂട്ടാന്‍ ഇന്ത്യ; വായ്പ പിന്തുണ പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര ബാങ്കുകളെ സമീപിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പൂട്ടാനൊരുങ്ങി ഇന്ത്യ. ഭീകര പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന് അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പ തടയുകയാണ് ലക്ഷ്യം.

പാകിസ്ഥാനുള്ള വായ്പകളും പിന്തുണയും പുനപരിശോധിക്കാന്‍ തങ്ങള്‍ എല്ലാ ബഹുരാഷ്ട്ര ഏജന്‍സികളോടും ആവശ്യപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള എംഡിബികളെ നേരിട്ട് സമീപിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ഏഴ് ബില്യണ്‍ ഡോളറിന്റെ പദ്ധതി പാകിസ്ഥാന്‍ നേടിയെടുത്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 1.3 ബില്യണ്‍ ഡോളറിന്റെ പുതിയ കാലാവസ്ഥാ പ്രതിരോധ വായ്പയും പാകിസ്ഥാന് ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന് ഇതിനിടെ സഹായധനം നല്‍കാനുള്ള ഐഎംഎഫ് നീക്കവും ഇന്ത്യ എതിര്‍ക്കും.

ഈ മാസം ഒന്‍പതിന് ചേരുന്ന ഐഎംഎഫിന്റെ എക്സിക്യുട്ടീവ് ബോര്‍ഡ് യോഗം ഇത് പരിഗണിക്കാനിരിക്കെയാണ് ഇക്കാര്യത്തിലുള്ള വിയോജിപ്പറിയിക്കാനുള്ള ഇന്ത്യയുടെ നീക്കം. പാകിസ്ഥാന് അനുവദിക്കുന്ന ഫണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വക മാറ്റുകയാണെന്ന് ഇന്ത്യ ഉന്നയിക്കും.
ഭീകരവാദത്തിന് പണം ദുരുപയോഗം ചെയ്യുന്നത് തടയാനായി രാജ്യാന്തരതലത്തിലുള്ള നിരീക്ഷക സംവിധാനമായ സാമ്പത്തിക കര്‍മസമിതിയുടെ 'ഗ്രേ' പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള നീക്കവും ശക്തിപ്പെടുത്തും. ജമ്മു-കാശ്മീരിലേക്ക് അനധികൃത പണത്തിന്റെ ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

40 രാജ്യങ്ങളാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങള്‍. ഇന്ത്യ രണ്ട് സമിതികളിലും അംഗമാണ്. എന്നാല്‍ ഇതില്‍ പാകിസ്ഥാനില്ല. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ വേണം. ഫെബ്രുവരി, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലായി മൂന്ന് തവണയാണ് പ്ലീനറി ചേരുക. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിനെത്തുന്ന ധനസ്രോതസ് തുടങ്ങി ഒരു രാജ്യം നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതിനാവശ്യമായ നാമനിര്‍ദേശം നടത്തേണ്ടത്. ഇതേ മാതൃകയിലുള്ള ഏഷ്യാ പസിഫിക് ഗ്രൂപ്പ് ഓഫ് മണി ലോണ്ടറിങില്‍ പാകിസ്ഥാനും അംഗത്വമുണ്ട്. ചില ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായതിനെത്തുടര്‍ന്ന് 2022 ല്‍ ഗ്രേ പട്ടികയില്‍ നിന്ന് അവരെ ഒഴിവാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.