കോഴിക്കോട്: മരണത്തെ മുഖാമുഖം കണ്ട് ഭയന്നു പോയ പെണ്‍കുട്ടിയെ കരുതലിന്റെ കരസ്പര്‍ശം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു ആ വൈദികന്‍. 'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്ന തിരുവചനത്തിന്റെ മഹത്തായ പൂര്‍ത്തീകരണം. ഫാദര്‍ ബിനു പൈനുങ്കല്‍ എന്ന യുവ വൈദികന്‍ അക്ഷരാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടിയ്ക്ക് നല്ല ഇടയനാവുകയായിരുന്നു...അവയവ ദാനമെന്ന മഹാദാനത്തിന്റെ മഹനീയ മാതൃകയാവുകയായിരുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് മരണത്തിന്റെ ഇരുണ്ട താഴ് വരയിലേക്ക് യാത്ര ആരംഭിച്ച കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിനിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്താണ് ഫാ. ബിനു പൈനുങ്കല്‍ ജീവിതത്തിന്റെ പ്രകാശ നീലിമയിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
മാനന്തവാടി രൂപതാംഗമായ ഫാ. ബിനു രൂപതയിലെ വൈദികരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് വൃക്ക രോഗിയായ പെണ്‍കുട്ടിയെപ്പറ്റി അറിയുന്നത്. വിലാസം വെളിപ്പെടുത്താന്‍ വീട്ടുകാര്‍ക്ക് താല്‍പര്യക്കുറവായതിനാല്‍ പെണ്‍കുട്ടിയുടെ പോരോ, കുടുംബമോ, സ്ഥലമോ ഒന്നുമറിയില്ലെങ്കിലും വൃക്ക ദാനം ചെയ്യാന്‍ താന്‍ തയ്യാറാണന്ന് അച്ചന്‍ അറിയിക്കുകയായിരുന്നു.
പിന്നീട് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ രക്തഗ്രൂപ്പ് യോജിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നെ വൈകിയില്ല. ഇന്നായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ. രാവിലെ ആരംഭിച്ച ശസ്ത്രക്രീയ ഉച്ചയോടെ പൂര്‍ത്തിയായി. വൃക്ക സ്വീകരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങിയതായി അല്‍പം മുമ്പ് കോഴിക്കോട് മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മാനന്തവാടി രൂപതയ്ക്കു കീഴില്‍ കാട്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ബയോവിന്‍ ഫാക്ടറിയുടെ അസോസിയേറ്റ് ഡയറക്ടറാണ് ഫാ. ബിനു പൈനുങ്കല്‍. കര്‍ഷകരില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങി കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സ്ഥാപനമാണ് ബയോവിന്‍.
കര്‍ഷകരായ പൈനുങ്കല്‍ പാപ്പച്ചന്‍ - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഒരാളാണ് ഫാ.ബിനു. സഹോദരന്‍മാരായ ബെന്നി പഞ്ചായത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനും ബിനീഷ് അധ്യാപകനുമാണ്. സഹോദരി ബിന്ദു വീട്ടമ്മയാണ്. ഫാ. ബിനുവിന്റെ പിതൃ സഹോദര പുത്രന്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കലും മാനന്തവാടി രൂപതാംഗമാണ്. രൂപതയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.