വാഷിങ്ടണ്‍: കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി.
അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സംവാദത്തില്‍ ഒരു സിഖ് വിദ്യാര്‍ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം.
'ഞാന്‍ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ തെറ്റുകള്‍ പലതും സംഭവിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം സന്തോഷപൂര്‍വം ഞാന്‍ ഏറ്റെടുക്കുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയെക്കുറിച്ച് സിഖുകാര്‍ക്കിടയില്‍ താങ്കള്‍ ഭീതി പടര്‍ത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥി രാഹുലിനോട് പറഞ്ഞു. രാഷ്ട്രീയം എങ്ങനെ ഭയരഹിതമാകണം എന്നതിനെക്കുറിച്ചാണ് താങ്കള്‍ പറഞ്ഞത്. കട ധരിക്കാനും തലപ്പാവണിയാനും മാത്രമല്ല ഞങ്ങളാഗ്രഹിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം വേണം. ഇതൊന്നും മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയും അനുവദിച്ചിട്ടില്ല.
വിഘടന വാദത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്ത ആനന്ദ്പുര്‍ സാഹിബ് പ്രമേയത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത് വിഘടനവാദ രേഖയെന്നാണ്. ചെയ്ത തെറ്റുകള്‍ അംഗീകരിക്കാനുള്ള പക്വത കോണ്‍ഗ്രസിനില്ലെന്ന് തോന്നുന്നു. സിഖ് ജനതയുമായി ഐക്യത്തിലെത്താന്‍ നിങ്ങള്‍ ശ്രമിച്ചിട്ടില്ല. നിങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ പഞ്ചാബിലും ബിജെപി അധികാരത്തിലെത്തു സിഖ് യുവാവ് രാഹുലിനോടു പറഞ്ഞു.
1984 ലെ സിഖ് കലാപത്തിലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെപ്പോലെ കൂടുതല്‍ സജ്ജന്‍ കുമാര്‍മാര്‍ കോണ്‍ഗ്രസിലുണ്ടെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. സിഖുകാരെ ഒന്നും ഭയപ്പെടുത്തുന്നതായി താന്‍ കരുതുന്നില്ലെന്ന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.
'ആളുകള്‍ക്ക് അവരുടെ മതം പ്രകടിപ്പിക്കാന്‍ അസ്വസ്ഥതയുള്ള ഒരു ഇന്ത്യ നമുക്ക് വേണോ എന്നതായിരുന്നു ഞാന്‍ നടത്തിയ പ്രസ്താവന. 80 കളില്‍ സംഭവിച്ചത് തെറ്റാണെന്ന് ഞാന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്, ഞാന്‍ നിരവധി തവണ സുവര്‍ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്'- രാഹുല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.