കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപിയുമായി അടുക്കുന്നു; രഹസ്യ ചര്‍ച്ചകള്‍ നടന്നു വരുന്നതായി റിപ്പോര്‍ട്ട്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപിയുമായി അടുക്കുന്നു; രഹസ്യ ചര്‍ച്ചകള്‍ നടന്നു വരുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: സീറ്റു വിഭജനത്തില്‍ യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 15 സീറ്റുകള്‍ വേണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് പരമാവധി ഒമ്പത് സീറ്റുകള്‍ നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ 12 ല്‍ കുറഞ്ഞ് ചര്‍ച്ചയില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്. ഈ അവസരം മുതലെടുത്ത് ജോസഫ് ഗ്രൂപ്പിനെ എങ്ങനെയെങ്കിലും ഒപ്പം നിര്‍ത്താനാണ് ബിജെപിയുടെ നീക്കം.

ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്ന 15 മണ്ഡലം നല്‍കാമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. 20 സീറ്റുകള്‍ വരെ നല്‍കുന്നതിലും ബിജെപിക്ക് എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ ചില മെത്രാന്‍മാരും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടന്നാണ് അറിയുന്നത്. പി.സി തോമസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പുതിയ നീക്കത്തിന് പി.സി ജോര്‍ജിന്റെയും മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേയും പിന്തുണയുണ്ട്.

പാര്‍ട്ടിയിലെ സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ ഇതിനോട് യോജിക്കുന്നുണ്ടെങ്കിലും പി.ജെ ജോസഫ് താല്‍പര്യം കാണിച്ചിട്ടില്ല. എന്നാല്‍ യുഡിഎഫ് നല്‍കുന്ന ഒമ്പത് സീറ്റുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്ന ഇരുപതിലേറെ നേതാക്കന്‍മാരില്‍ ആര്‍ക്കൊക്കെ നല്‍കാനാകുമെന്നതാണ് ജോസഫിനെ അലട്ടുന്ന പ്രശ്‌നം. സീറ്റ് ലഭിക്കാത്തവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ക്കെല്ലാം സീറ്റ് നല്‍കി തൃപ്തിപ്പെടുത്താമെന്ന മെച്ചവുമുണ്ട്.

കേരളത്തില്‍ നില മെച്ചപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ബിജെപി അതിനായി ക്രിസ്ത്യന്‍ ബെല്‍റ്റുകളില്‍ എങ്ങിനെയും ഇടിച്ചു കയറുവാന്‍ പല മാര്‍ഗങ്ങളും ആരായുന്നുണ്ട്. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ടതും ലൗ ജിഹാദ് പോലെ സഭ വെറുക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതും ഇതിനുദാഹരണമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന വിജയ യാത്രയ്ക്കിടയില്‍ സുരേന്ദ്രനും കര്‍ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണനും കൊച്ചിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

എല്‍ഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ സംജാതമാവുകയും ബിജെപി ഏതാനും സീറ്റുകളില്‍ ജയിച്ചു വരികയും ചെയ്താല്‍ ചില കളികള്‍ ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. എന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ പുതിയ നീക്കത്തെ വെറും സമ്മര്‍ദ്ദ തന്ത്രം മാത്രമായാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുന്നുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.