ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും ബ്രിട്ടന്റെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിലും ബ്രിട്ടനിലും ഒരുപോലെ പൗരത്വമുണ്ട് എന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 84 (എ) പ്രകാരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദേഹം അയോഗ്യനാണെന്നും അവകാശപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ്. വിഘ്‌നേഷ് ശിശിര്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കേസ് തള്ളിയത്. രാഹുല്‍ ഗാന്ധി ഒരു ഇന്ത്യന്‍ പൗരനാണോ എന്ന് നേരിട്ട് പരിഗണിക്കാന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
2019 ല്‍ അന്നത്തെ രാജ്യസഭാ എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം അദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.
2003 ല്‍ യു.കെയില്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാഹുല്‍ ഗാന്ധി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.
യു.കെ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ രാഹുല്‍ തന്റെ ബ്രിട്ടീഷ് പൗരത്വം പ്രഖ്യാപിച്ചതായും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. 2005 ഒക്ടോബര്‍ 10 നും 2006 ഒക്ടോബര്‍ 31 നും സമര്‍പ്പിച്ച കമ്പനിയുടെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുലിന്റെ ജനന തിയതി 1970 ജൂണ്‍ 19 ആണെന്നും പൗരത്വം ബ്രിട്ടീഷ് ആണെന്നും ഉള്ള കൂടുതല്‍ വിവരങ്ങളുണ്ട് എന്നാണ് നോട്ടീസില്‍ പറയുന്നത്.
കൂടാതെ ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ 2009 ഫെബ്രുവരി 17 നുള്ള പിരിച്ചു വിടല്‍ അപേക്ഷയില്‍ രാഹുലിന്റെ ദേശീയത ബ്രിട്ടീഷ് എന്ന് പരാമര്‍ശിച്ചിട്ടുണെന്നും നോട്ടീസില്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.