2028 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; ഈ വര്‍ഷം ജപ്പാനെ മറികടന്ന് നാലാമതെത്തും

2028 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; ഈ വര്‍ഷം ജപ്പാനെ മറികടന്ന് നാലാമതെത്തും

ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ഇതോടെ അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും.

2028 ല്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം മറികടക്കുമെന്നാണ് ഐഎംഎഫ് പ്രവചനം. 5.584 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ ജര്‍മനിയുടെ നോമിനല്‍ ജിഡിപി 5.069 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും.

ഈ വര്‍ഷം തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നാണ്യ നിധിയുടെ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കിലാണ് ഈ വിവരങ്ങളുള്ളത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ ജപ്പാന്റെ നോമിനല്‍ ജിഡിപി 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും.2024 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി റിപ്പോര്‍ട്ടില്‍ പുനര്‍നിശ്ചയിച്ചിട്ടുമുണ്ട്. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര അനിശ്ചിതത്വമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുക എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.