മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി നിര്‍ദേശം

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം.

മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അനുമതിക്കായി വീണ്ടും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കണം.

ഇത്തരത്തില്‍ തമിഴ്നാട് അപേക്ഷ നല്‍കുമ്പോള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ കേരളത്തില്‍ വേഗത്തിലാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.

കൂടാതെ അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ക്ക് അനുമതി നല്‍കുക, അണക്കെട്ടിലേക്ക് പോകുന്ന ഗാട്ട് റോഡിന്റെ നവീകരണം നടത്തുക തുടങ്ങി വ്യത്യസ്തമായ നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്. ഉന്നതാധികാര സമിതിയുടെ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകള്‍ വരുത്താന്‍ പാടില്ലെന്നും കേരളവും തമിഴ്നാടും കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ വൈകാതെ സ്വീകരിക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇതിനിടെ പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഇന്നും സുപ്രീം കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഇപ്പോള്‍ ഉന്നതാധികാര സമിതി മുന്നോട്ടു വെച്ചിട്ടുള്ള ശുപാര്‍ശകളുടെ നടത്തിപ്പുമായി മുന്നോട്ടു പോകാനാണ് കോടതി നിര്‍ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ അത് കേള്‍ക്കുന്നതിനായി ഈ മാസം 19 ന് വീണ്ടും കോടതി ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.