വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുവാനുള്ള പേപ്പല്‍ കോണ്‍ക്ലേവിന് നാളെ വത്തിക്കാനിലെ പ്രസിദ്ധമായ സിസ്റ്റെയ്ന്‍ ചാപ്പലില്‍ തുടക്കമാകും.
133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നത്. ഇവര്‍ എല്ലാവരും റോമില്‍ എത്തിയിട്ടുണ്ട്. പ്രാദേശിക സമയം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്.
ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകുന്നേരം 5:30 ന് അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍, കോണ്‍ക്ലേവിന് നിര്‍ണായകമായ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും രഹസ്യ സത്യപ്രതിജ്ഞ ചെയ്തു.
1996 ഫെബ്രുവരി 22 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച അപ്പസ്‌തോലിക് ഭരണഘടന 'യൂണിവേഴ്സി ഡൊമിനിക്കി ഗ്രെഗിസ്' അനുശാസിക്കുന്നത് അനുസരിച്ചുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സത്യപ്രതിജ്ഞ നടന്നത്.
കാമര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ മൂന്ന് കര്‍ദിനാള്‍ സഹായികളും അംഗീകാരം ലഭിച്ച കോണ്‍ക്ലേവിലെ ജീവനക്കാരും വൈദികരും അല്‍മായരും ഏറ്റു ചൊല്ലി.
കര്‍ദ്ദിനാള്‍ കോളജിന്റെ സെക്രട്ടറി, പൊന്തിഫിക്കല്‍ ആരാധന ക്രമങ്ങളുടെ ചുമതലയുള്ള മാസ്റ്റര്‍, പേപ്പല്‍ ചടങ്ങുകളുടെ മാസ്റ്റര്‍, കോണ്‍ക്ലേവില്‍ അദേഹത്തെ സഹായിക്കാന്‍ തിരഞ്ഞെടുത്ത അധ്യക്ഷന്‍, പേപ്പല്‍ സങ്കീര്‍ത്തിയില്‍ നിയമിക്കപ്പെട്ട രണ്ട് അഗസ്റ്റീനിയന്‍ സന്യാസിമാര്‍, ഡോക്ടര്‍, നഴ്സുമാര്‍, അപ്പസ്‌തോലിക് കൊട്ടാരത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഭക്ഷണത്തിനും സേവനങ്ങള്‍ക്കും ശുചീകരണത്തിനും ഉത്തരവാദികളായ ജീവനക്കാര്‍, സാങ്കേതിക സേവന ജീവനക്കാര്‍ എന്നിവര്‍ പ്രതിജ്ഞയെടുത്തു.

കൂടാതെ കാസ സാന്താ മാര്‍ത്തയില്‍ നിന്ന് അപ്പസ്‌തോലിക് കൊട്ടാരത്തിലേക്ക് വോട്ടവകാശമുള്ള കര്‍ദിനാള്‍മാരെ കൊണ്ടു പോകുന്നതിന് ഉത്തരവാദികളായവര്‍, സിസ്റ്റെയ്ന്‍ ചാപ്പലിന് സമീപം നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡിലെ കേണലും മേജറും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ സുരക്ഷാ സേവനങ്ങളുടെയും സിവില്‍ പ്രൊട്ടക്ഷന്റെയും ഡയറക്ടര്‍, അദേഹത്തിന്റെ സഹായികള്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചതിന് ശേഷമാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് കാമര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെലിന്റെ സാന്നിധ്യത്തില്‍ രേഖകളില്‍ ഇവര്‍ ഒപ്പുവെച്ചു.
മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള വോട്ടിങുമായും സൂക്ഷ്മ പരിശോധനയുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂര്‍ണ രഹസ്യം നിലനിര്‍ത്തുമെന്ന ഗൗരവമേറിയ വാഗ്ദാനം സത്യപ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്കും സത്യപ്രതിജ്ഞ വേളയില്‍ ഇവര്‍ സ്ഥിരീകരിച്ചു. മാര്‍പാപ്പ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യ സ്വഭാവത്തിനും പവിത്രതയ്ക്കും യോജിച്ച വിധം സഭയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് എല്ലാ സഹായ ഉദ്യോഗസ്ഥരും എടുത്ത സത്യപ്രതിജ്ഞ.
കോണ്‍ക്ലേവ് തുടങ്ങുന്നതിന് മുന്‍പേ പ്രദേശത്ത് നിലവിലുള്ള മൊബൈല്‍ ഫോണ്‍ ടെലി കമ്മ്യൂണിക്കേഷന്‍ സിഗ്‌നലിന്റെ എല്ലാ ട്രാന്‍സ്മിഷന്‍ സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമാക്കുമെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റ് നഗരത്തിലെ താമസക്കാരെയും ജീവനക്കാരെയും അറിയിച്ചു.
രഹസ്യ ബാലറ്റുകളിലൂടെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ സ്വകാര്യമായി നടത്തുന്ന കോണ്‍ക്ലേവിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യ ബാല്‍ക്കണിയില്‍ നിന്ന് പുതിയ പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ സിഗ്‌നല്‍ പുനസ്ഥാപിക്കൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.