ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ബുധനാഴ്ച നടക്കാനിരുന്ന മോക്ഡ്രില്ലിന് മണിക്കൂറുകള്‍ മാത്രമം ബാക്കി നില്‍ക്കെ. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ന് യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു വ്യോമസേന മുമ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിന് മുമ്പെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് അതിര്‍ത്തി കടന്നും പാക് അധീന കാശ്മീരിലുമുള്ള ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1:44 നായിരുന്നു സൈനിക നടപടി. ബുധന്‍ രാത്രി ഒന്‍പതിനും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനുമാണ് മോക്ക് ഡ്രില്‍ തീരുമാനിച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിലാണ് മോക്ഡ്രില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുദ്ധാഭ്യാസ പരിശീലനത്തിന് മുന്നേ ആക്രമണം നടത്തുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലിരുന്ന് രാത്രി മുഴുവന്‍ സമയവും ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ വരെ കരസേന-വ്യോമസേന-നാവികസേനാ മേധാവികള്‍ തമ്മില്‍ പല റൗണ്ട് ആശയവിനിമയങ്ങളും നടത്തിയിരുന്നു.
ഇന്ത്യ ലക്ഷ്യമിട്ട ഒന്‍പത് കേന്ദ്രങ്ങളിലും ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തി. ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തൊയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടമാണ് ഇന്ത്യ തിരിച്ചടിക്കായി തിരഞ്ഞെടുത്തത്. ബഹാവല്‍പുര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്തവയുണ്ട്. ഈ സ്ഥലങ്ങളില്‍ നിന്നാണ് ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ ആസൂത്രണങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിലും തിരിച്ചടി നടപ്പാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു. ശ്രദ്ധാപൂര്‍വ്വമായ ആക്രമണമായിരുന്നു ഇന്ത്യയുടേതെന്നും മന്ത്രാലയം അറിയിക്കുന്നു. 1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷന്‍ സിന്ദൂര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.