ശ്രീനഗർ: ജമ്മു കാശ്മീർ അതിർത്തിയിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ രൂപത കോൺവെന്റിന്റെ കാമ്പസിൽ ഷെൽ പതിച്ചതായി ജമ്മു- ശ്രീനഗർ രൂപത ബിഷപ്പ് ഇവാൻ പെരേര. ആക്രണത്തിൽ ജല ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സോളാർ പാനൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നശിച്ചതായും ബിഷപ്പ് ഇവാൻ പെരേര പറഞ്ഞു.
“ഇന്ന് രാവിലെ പൂഞ്ചിലെ ഞങ്ങളുടെ രൂപതയുടെ നിയന്ത്രണത്തിലുള്ള സ്കൂളിന് തൊട്ടുപിന്നിൽ പാകിസ്താനിൽ നിന്നുള്ള ഒരു ഷെൽ പതിച്ചു. അത് ഞങ്ങളുടെ ഒരു വിദ്യാർഥിയുടെ വീടിന് നേരെ പതിച്ചു. ദാരുണമായി രണ്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടു. അവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു” – ബിഷപ്പ് പറഞ്ഞു.
“ഭാഗ്യവശാൽ സ്കൂളുകൾ അടച്ചിരുന്നു. ഇത് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഇടയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാകുന്നത് ഒഴിവാക്കി. ജമ്മുവും ശ്രീനഗറും ഇപ്പോൾ ഏറെക്കുറെ ശാന്തമാണെങ്കിലും ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ, ജമ്മു കശ്മീരിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്” – ബിഷപ്പ് പറഞ്ഞു.
സ്ഥിതിഗതികൾ ഉടൻ സാധാരണ രീതിയിലായി സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേർത്തു.
ജമ്മു കാശ്മീർ അതിർത്തിയിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. 30 ഓളം പേർക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ താമസക്കാരാണ്. പൂഞ്ചിലെ യു എന്നിന്റെ ഫീൽഡ് സ്റ്റേഷനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെങ്കിലും അത് ലക്ഷ്യം കണ്ടില്ല. ശ്രീനഗറിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്.
പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്താൻ, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.