പാലക്കാട്: ബംഗളൂരുവില്‍ ജോലിക്കാണെന്നും പറഞ്ഞുപോയ ഷാനിബ് എങ്ങനെയാണ് കാശ്മീരിലെത്തിയതെന്നതില്‍ ദുരൂഹത. തങ്ങള്‍ക്കും അറിയാത്തത് അതാണെന്ന് മുഹമ്മദ് ഷാനിബിന്റെ മാതാവിന്റെ സഹോദരന്‍മാരായ മുഹമ്മദാലിയും അബ്ദുള്‍സലാമും പറയുന്നു. കാഞ്ഞിരപ്പുഴ സ്വദേശിയായ ഷാനിബിനെ കശ്മീരിലെ പുല്‍വാമയ്ക്കടുത്ത വനപ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായാണ് തന്‍മാര്‍ഗ് പൊലീസ് അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി 7:45 ന് ഷാനിബിന്റെ ഉമ്മ ഹസീനയുടെ ഫോണിലേക്കാണ് സ്റ്റേഷനില്‍ നിന്ന് വിളിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അവര്‍ സംസാരിച്ചത്. ഇതോടെ ബംഗളൂരുവിലുള്ള ഷാനിബിന്റെ സഹോദരി ഷിഫാനയുടെ നമ്പര്‍ പൊലീസിന് നല്‍കുകയും അങ്ങനെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഷാനിബിന്റെ അമ്മാവന്മാര്‍ പറയുന്നു.
പഠിക്കാന്‍ സമര്‍ഥനായിരുന്നു ഷാനിബെന്ന് ബന്ധുക്കള്‍ പറയുന്നു. പൊറ്റശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠിച്ചത്. പത്താംതരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ്ടുവിന് 90 ശതമാനം മാര്‍ക്കുമുണ്ടായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പോയി. ഇവിടെ പഠിച്ചുകൊണ്ടിരിക്കെ ഷാനിബിന് മാനസിക വെല്ലുവിളി നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കാതെ വീട്ടിലേക്ക് വന്നു. രണ്ട് വര്‍ഷത്തോളം പലയിടങ്ങളിലായി ചികിത്സിച്ചു. ഇടയ്ക്കിടെ ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോകുന്നത് പതിവായിരുന്നു. ഒരുതവണ കൊടൈക്കനാലില്‍ പോയി തിരിച്ചെത്തിയത് മൂന്ന് ദിവസം കഴിഞ്ഞാണ്. അധികവും വീട്ടില്‍തന്നെയാകും.
ചില സമയങ്ങളില്‍ അമ്മാവന്റെ മകന്‍ നവാസിന്റെ കൂടെ വയറിങ് ജോലിക്ക് പോകും. വീട്ടില്‍ത്തന്നെ ഇരിക്കുന്നതിനാല്‍ ജോലിക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോകുകയാണ് ചെയ്യാറെന്ന് നവാസ് പറയുന്നു. പിതാവും സഹോദരന്‍ ഷിഹാബും വിദേശത്തും സഹോദരി ബംഗളൂരുവിലുമായതിനാല്‍ വര്‍മംകോടുള്ള വീട്ടില്‍ ഷാനിബും ഉമ്മയും ഉമ്മൂമ്മ ഖാദിയക്കുട്ടിയുമായിരുന്നു താമസം. ബംഗളൂരുവിലേക്കെന്ന് പറഞ്ഞ് ഷാനിബും പോയതോടെ മറ്റുള്ളവര്‍ പാണ്ടിപ്പാടം രായന്‍തുരുത്തിയിലേക്കുള്ള തറവാട്ടുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഷാനിബിനെ മരിച്ചനിലയില്‍ കണ്ടെന്ന വിവരം ബന്ധുക്കള്‍ ആദ്യം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലും ടിവി ചാനലുകളിലും വാര്‍ത്തവന്നതോടെ ഞെട്ടലിലാണ് കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.