ഇസ്ലമാബാദ്: പാക് ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് സ്ഥാപക ഭീകരന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസറിന്റെ സഹോദരിയും സഹോദരീ ഭര്‍ത്താവുമുള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
ആരാണ് അബ്ദുള്‍ റൗഫ് അസര്‍?
വെറും 24 വയസ് മാത്രമുള്ളപ്പോള്‍ 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 റാഞ്ചലിന് നേതൃത്വം നല്‍കിയ ഭീകരനാണ് അബ്ദുള്‍ റൗഫ് അസര്‍.
മൂത്ത സഹോദരനും ജെയ്ഷെ മുഹമ്മദ് സ്ഥാപകനുമായ മൗലാന മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു വിമാനം റഞ്ചിയത്. സംഭവത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് മസൂദ് അസര്‍ എന്ന കൊടും ഭീകരനെ മോചിപ്പിക്കേണ്ടതായി വന്നു.
അതിനുശേഷം, 2001 ല്‍ ജമ്മു കാശ്മീര്‍ നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും നടന്ന ചാവേര്‍ ആക്രമണം, 2008 മുംബൈ ഭീകരാക്രമണം, 2016 ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, നഗ്രോട്ടയിലെയും കത്തുവയിലെയും സൈനിക ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ എല്ലാ പ്രധാന ആക്രമണങ്ങളുടെയും പിന്നില്‍ അബ്ദുള്‍ റൗഫ് അസര്‍ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
2019ല്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തിലും ഇയാള്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. രോഗിയായതിനെ തുടര്‍ന്ന് സഹോദരന്‍ മസൂദ് അസറിന്റെ അഭാവത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളിലും തീരുമാനം എടുത്തിരുന്നത് അബ്ദുള്‍ റൗഫ് അസര്‍ ആയിരുന്നു.
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ റൗഫ് അസര്‍ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് താലിബാനുമായി ഏകോപിപ്പിച്ചുകൊണ്ട് ജെയ്ഷെ മുഹമ്മദിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.
2007 ഏപ്രില്‍ 21 ന് ആണ് അബ്ദുള്‍ റൗഫ് അസര്‍ ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തത്. കാലങ്ങളായി ഇന്ത്യ തേടുന്ന കൊടും ഭീകരനാണ് അബ്ദുള്‍ റൗഫ് അസര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.