കൊച്ചി: രണ്ട് പതിറ്റാണ്ടിന് ശേഷം ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരു നേതാവ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാനെത്തുമ്പോള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും പുതിയ പ്രതീക്ഷയിലാണ്.
2004 ല്‍ പി.പി തങ്കച്ചന്‍ കെപിസിസി പ്രസിഡന്റായതിന് ശേഷം ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെടുന്ന ആരും ഇതുവരെ അധ്യക്ഷ സ്ഥാനത്തെത്തിയിരുന്നില്ല. ഈ കാര്യം സംസ്ഥാന നേതാക്കള്‍ പലതവണ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാത്രമല്ല ക്രിസ്ത്യന്‍ സമൂഹം കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുമാണ്.
എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന ചിന്ത ക്രൈസ്തവ മത വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ച് പുതിയ കെപിസിസി പ്രസിഡന്റ് ക്രൈസ്തവ സമുദായത്തില്‍ നിന്നാവും എന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു.
അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. സുധാകരന്റെ താല്‍പര്യം കൂടി കണക്കിലെടുത്താണ് അവസാനം സണ്ണി ജോസഫിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി ജോസഫ് നിലവില്‍ നിയമ സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. സാമൂഹിക, പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവ് കൂടിയാണ് സണ്ണി ജോസഫ്.
1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിട്ടാണ് സണ്ണി ജോസഫ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരില്‍ നിന്നുള്ള നിയമസഭാഗവും നിലവില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമാണ്.
2011 ല്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തന്റെ കന്നി മത്സരത്തില്‍ തന്നെ അന്നത്തെ സിറ്റിങ് എംഎല്‍എയായിരുന്ന കെ.കെ ഷൈലജക്കെതിരെ അട്ടിമറി വിജയം നേടി നിയമസഭയിലെത്തി. പിന്നീട് കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും പേരാവൂര്‍ സണ്ണി ജോസഫിനൊപ്പം ഉറച്ചു നിന്നു.
കണ്ണൂര്‍ ഉളിക്കല്‍ പുറവയലിലെ പരേതനായ വടക്കേക്കുന്നേല്‍ ജോസഫ്-റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് സണ്ണി ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനിലും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല യൂണിയനിലും അംഗമായി. ഭാര്യ: എല്‍സി ജോസഫ്, മക്കള്‍:അഷ റോസ്, ഡോ: അഞ്ജു റോസ്.
പുതിയ അധ്യക്ഷന്റെ ആദ്യ വെല്ലുവിളിയാകും നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായിരുന്ന നിലമ്പൂര്‍ പി.വി അന്‍വറിനെ പരീക്ഷിച്ച് ഇടതുപക്ഷം തട്ടിയെടുത്തപ്പോള്‍ അതേ പി.വി അന്‍വറിനെ ഉപയോഗിച്ച് തന്നെ കോണ്‍ഗ്രസും യുഡിഎഫും മണ്ഡലം തിരിച്ചു പിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇടതുപക്ഷത്തെ സംബന്ധിച്ച് നിലമ്പൂര്‍ അഭിമാന പോരാട്ടമാവുമ്പോള്‍ കോണ്‍ഗ്രസിന് അതൊരു പകരം വീട്ടലും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്‍ കൂടിയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.