ഉത്തരക്കടലാസ് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് സഹയാത്രികനായ അധ്യാപകന് പ്രൊഫസര്‍ നിയമനം നല്‍കാന്‍ നിയമോപദേശം

ഉത്തരക്കടലാസ് കടത്ത് കേസില്‍  ശിക്ഷിക്കപ്പെട്ട ഇടത്  സഹയാത്രികനായ അധ്യാപകന് പ്രൊഫസര്‍  നിയമനം നല്‍കാന്‍ നിയമോപദേശം

തിരുവനന്തപുരം: വിവാദമായ കേരള സര്‍വ്വകലാ ഉത്തരക്കടലാസ് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ സഹയാത്രികനായ അധ്യാപകന് പ്രൊഫസര്‍ നിയമനം നല്‍കാന്‍ നിയമോപദേശം. പിഎസ്‌സി സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ആദ്യ റാങ്ക് നേടിയ യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത്‌കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്തിരുന്നു.

സംഭവത്തിന് ഉത്തരവാദിയെന്ന് കേരള സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകനായ അബ്ദുള്‍ ലത്തീഫിനാണ് വിശിഷ്ട സേവനത്തിന് സര്‍വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കാമെന്ന് നിയമോപദേശം ലഭിച്ചത്. ശിക്ഷണ നടപടിയുടെ ഭാഗമായി അബ്ദുള്‍ ലത്തീഫിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് സ്ഥലം മാറ്റിയിരുന്നു. ഈ മാസം ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കുമെന്നാണ് സൂചന.

പെരുമാറ്റചട്ടങ്ങള്‍ നിലവില്‍ വരുന്നതിനുമുന്‍പ് ശുപാര്‍ശ നല്‍കിയിട്ടുള്ളതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുന്‍പ് നിയമനം നടത്താന്‍ വിസി യുടെ മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. രാഷ്ട്രപതിയില്‍നിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നേടിയ അപേക്ഷകരുള്‍പ്പടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുല്‍ ലത്തീഫിന് നിയമനം നല്‍കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.