കരുത്ത് തിരിച്ചറിഞ്ഞു; 'ബ്രഹ്മോസി'നായി ഇന്ത്യയെ സമീപിച്ച് കൂടുതല്‍ രാജ്യങ്ങള്‍

കരുത്ത് തിരിച്ചറിഞ്ഞു; 'ബ്രഹ്മോസി'നായി ഇന്ത്യയെ സമീപിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ബ്രഹ്മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഫിലിപ്പീന്‍സ് ആണ്.

ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2022 ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവെച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.

ഇന്ത്യയുടെ സമീപകാലത്തെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങള്‍ തിരിച്ചറിയാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ കൈയ്യിലുള്ള ആയുധങ്ങളില്‍ സുപ്രധാനമാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലെപ്മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റേയും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയുടേയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.