ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന് പിന്‍തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന് പിന്‍തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു). ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്ഥാനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് നടപടി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്.

ദേശീയ സുരക്ഷ പരിഗണിച്ച് തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം (എംഒയു) താല്‍കാലികമായി റദ്ദാക്കിയെന്ന് ഡല്‍ഹി സര്‍വകലാശാല എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ജെഎന്‍യു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരു സര്‍വകലാശാലകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി രണ്ട് വരെ, മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. നിലവിലെ പശ്ചാതലത്തില്‍ മൂന്നര മാസത്തിനിടെ തന്നെ കരാര്‍ റദ്ദായി.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ സൈനിക നടപടിക്ക് പിന്നാലെ തുര്‍ക്കി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ ലക്ഷ്യമാക്കി പാകിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ തുര്‍ക്കിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. ഇവ ഇന്ത്യ നിര്‍വീര്യമാക്കിയിരുന്നു. പാക് സൈന്യത്തിന് തുര്‍ക്കിയില്‍ നിന്ന് വിദഗ്ധോപദേശം ലഭിച്ചെന്നും വിവരങ്ങളുണ്ട്. ഇന്ത്യക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടര്‍ക്കിഷ് മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. ടര്‍ക്കിഷ് ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതിനിടെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയിരുന്നു. ഫ്ളൈറ്റ്-ഹോട്ടല്‍ ബുക്കിങുകളും റദ്ദാക്കിയതായി യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഒരു യാത്രക്കാരനില്‍ നിന്ന് 60,000-70,000 രൂപവെച്ച് കണക്കാക്കിയാല്‍ ഏകദേശം 2,500 മുതല്‍ 3,000 കോടി രൂപയുടെ വരെ നഷ്ടമാണ് ഇതുവഴി തുര്‍ക്കിക്ക് ഉണ്ടാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.