നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍കരണം. 'സിയാല്‍ 2.0' എന്ന പദ്ധതിയിലൂടെയാണ് നിര്‍മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാനാകും.
200 കോടി രൂപ മുതല്‍മുടക്കില്‍ നടപ്പാക്കുന്ന പദ്ധതി 19 ന് വൈകുന്നേരം അഞ്ചിന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, യാത്രക്കാരിലേക്ക് കൂടുതല്‍ കൃത്യതയോടെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് 'സിയാല്‍ 2.0' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിയാലിന്റെ വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുന്നതാണ് ഈ പദ്ധതിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
പുതിയ സംവിധാനങ്ങള്‍ ഇങ്ങനെ:
1. വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സെര്‍വറുകളും സൈബര്‍ സുരക്ഷാ സാങ്കേതിക വിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകുന്നതാണ് സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ (സി-ഡോക്). സൈബര്‍ ഭീഷണികളെ നിരന്തരം നിരീക്ഷിക്കുകയും കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം.
2. യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടന്‍മാരുടെ ഇടപെടല്‍ ഇല്ലാതെയും പൂര്‍ത്തിയാക്കാന്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിച്ച് വരുന്നു. സുരക്ഷാ പരിശോധന സമയത്ത് കാബിന്‍ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റവും ഉണ്ട്.
3. വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 4,000 ക്യാമറകള്‍ സ്ഥാപിച്ച് വരുന്നു.
4. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സിസ്റ്റം ആധുനികീകരിക്കുന്നു. ലിക്വിഡ് എക്‌സ്പ്ലോസീവ് ഡിറ്റക്ടര്‍, ത്രെറ്റ് കണ്ടെയ്ന്‍മെന്റ് വെസല്‍ എന്നീ സംവിധാനങ്ങളും ഉണ്ട്.
5. എയര്‍പോര്‍ട്ട് ഓപ്പറേഷണല്‍ ഡേറ്റാബേസ്, ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സിസ്റ്റം, ഫ്‌ളൈറ്റ് അനൗണ്‍സ്മെന്റ് സിസ്റ്റം, കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റം, ഡേറ്റ സെന്റര്‍, നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ആധുനികവല്‍കരിക്കുന്നു. എഐ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ബാഗേജ് ട്രാക്കിങ്, ഫേഷ്യല്‍ ചെക്, പ്രീ പെയ്ഡ് ടാക്സി ബുക്കിങ് കിയോസ്‌ക്, ലോസ്റ്റ് ഐറ്റം ട്രാക്കര്‍, ഡിജി യാത്ര സംവിധാനം എന്നിവയും ആധുനികവല്‍കരിക്കുന്നു.
എയ്റോ ഡിജിറ്റല്‍ ഉച്ചകോടി
സിയാല്‍ 2.0-യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തുന്ന എയ്റോ ഡിജിറ്റല്‍ സമിറ്റ് 2.30 മുതല്‍ 8.30 വരെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പുതിയ ഐടി ഇന്‍ഫ്രാസ്ട്രക്ചറുകളുടെ പ്രദര്‍ശനം, റോബോട്ടിക്‌സ് പ്രദര്‍ശനം, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് എക്‌സ്പീരിയന്‍സ്, ഹാര്‍ട്ട് സ്റ്റെപ്പര്‍ ആക്ടിവിറ്റി, ഓട്ടോമേറ്റഡ് ഇന്‍ഡസ്ട്രിയല്‍ അസംബ്ലി ലൈന്‍ എന്നിവ ഉച്ചകോടിയുടെ ഭാഗമായുണ്ടാകും. 'ഫ്യൂച്ചര്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇനവേഷന്‍ ഇന്‍ എയര്‍പോര്‍ട്സ്' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.