നസ്രായനായ ക്രിസ്തുവിനെ കൂട്ടുകാരനായി കാണാൻ പഠിപ്പിച്ച്, നസ്രായനെ ലോകത്തിന് പരിചയപ്പെടുത്തി നസ്രായന്റെ സ്വന്തം പുരോഹിതൻ, ഫാ. അനീഷ് കരിമാലൂർ ഒന്നര ലക്ഷത്തോളം ഫോള്ളോവേഴ്സ്സുമായി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നു!
മറ്റൊരു ക്രിസ്തുവായിത്തീരുക ക്രിസ്തുവിന്റെ സ്‌നേഹം ,കരുണ, പാപമോചനത്തിന്റെ സുവിശേഷം എന്നിവ ലോകത്തിന്റെ അതിർത്തികൾ വരെയും പകർന്നുകൊടുക്കുക എന്നതുമാണല്ലോ പുരോഹിതരുടെ കർത്തവ്യം. ഈ കർത്തവ്യ നിർവഹണത്തിനായി ഇന്ന് പുരോഹിതര്‍ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയകളുടെ അതിപ്രസരണമുള്ള ഈ ആധുനികലോകത്തിൽ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും എത്തിക്കുവാൻ സാമൂഹ്യമാധ്യമങ്ങളും വിവരസാങ്കേതികവിദ്യകളും ഈ യുവ വൈദികൻ ഉപയോഗപ്പെടുത്തുന്നു. കുട്ടികളിലേയ്ക്ക് പ്രത്യേകിച്ച് യുവജനങ്ങളിലേയ്ക്ക് പെട്ടെന്നെത്തുവാൻ ആധുനിക മാധ്യമങ്ങളിലൂടെ വൈദികർക്ക് കഴിയുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയിൽ, പ്രത്യേകിച്ചും 'നസ്രായന്റെ കൂടെ' എന്ന തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് നസ്രായൻ ക്രിസ്തുവിനെ കൂട്ടുകാരനായി കാണാൻ പഠിപ്പിക്കുന്ന നസ്രായന്റെ സ്വന്തം പുരോഹിതൻ ഫാ. അനീഷ് കരിമാലൂർ നോർബർട്ടൈൻ സഭയിലെ അംഗമാണ്.
കുറഞ്ഞ കാലയളവ് കൊണ്ട് അനേകരുടെ ഹൃദയങ്ങൾ കീഴടക്കി നസ്രായന്റെ സ്വന്തം പുരോഹിതനായി മാറിയ അച്ചന്റെ സോഷ്യൽ മീഡിയയിൽ കൂടിയുള്ള തന്റെ പ്രവർത്തനത്തെയും അതിലൂടെയുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ചും നമുക്ക് കൂടുതൽ അറിയാം.
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബി എഡ് പഠനം സമയത്തിന്റെ നല്ല ഭാഗം അപഹരിച്ചപ്പോൾ, ലോകമെങ്ങും നസ്രായന്റെ സുവിശേഷമെത്തിക്കാനുള്ള ദൗത്യത്തിന് എന്തുകൊണ്ട് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് 2018 -ലെ 50- നോമ്പുകാലത്തിൽ, മുപ്പതിമൂന്നുകാരൻ കർത്താവിന്റെ കൂടെ സഞ്ചരിക്കാൻ "നസ്രായന്റെ കൂടെ" എന്ന നോമ്പുകാല വിചിന്തനങ്ങൾ തുടങ്ങാൻ പ്രേരണയായത്.പരിമിതമായ സൗകര്യങ്ങളിലും സമയക്കുറവിലും, നസ്രായന്റെ സ്നേഹം പങ്കുവെയ്ക്കാനും അനേകർക്ക് സാന്ത്വനമായി മാറുവാനുമുള്ള പരിശ്രമങ്ങൾ ഫലം കണ്ടതിന്റെ തെളിവാണ് ഈ കുറഞ്ഞ കാലയളവുകൊണ്ട് അച്ചനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം എത്തി നിൽക്കുന്നത്. ഇന്റർനെറ്റും സോഷ്യൽമീഡിയയും ലോകത്തെ നയിക്കുന്ന ഈ കാലഘട്ടത്തിൽ '@Nasraayamtekoode' എന്ന ഫേസ്ബുക് പേജിലൂടെ നസ്രായനായ ഈശോയെ, ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാൻ പഠിപ്പിക്കുകയാണ് അനീഷച്ചൻ.
കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വന്ന മാറ്റങ്ങൾ വ്യക്തിബന്ധങ്ങളെ പിടിച്ചുലയ്ക്കുന്ന ഈ കാലഘട്ടത്തിൽ, ആ മുപ്പത്തിമൂന്നുകാരൻ തച്ചനെ, നസ്രായനെ ന്യൂജെൻ പദമായ 'ചങ്കായി' ചേർത്തുപിടിക്കാനും സ്നേഹിക്കാനും അച്ചൻ പഠിപ്പിക്കുമ്പോൾ, ജീവിതത്തിലെ സൗഭാഗ്യങ്ങൾ എത്തിപ്പിടിക്കാനുള്ള പരക്കംപാച്ചിലിനിടയിൽ എവിടെയോ നാം മറന്നു വച്ച ഒരു സൗഹൃദത്തേയും കരുതലിനേയും അദ്ദേഹം ഓർമ്മിപ്പിക്കുന്നു, അതു മറ്റാരുടേതുമല്ല, നമ്മുടെ ചങ്ക് നസ്രായന്റെ ആണ്.
ആരെങ്കിലുമൊക്കെ നമ്മെ സ്നേഹിക്കുവാനും നമുക്ക് സ്നേഹിക്കുവാനും ഉണ്ടാകുക. ചങ്കായി കൂടെ കൊണ്ടു നടക്കാൻ ഒരു സുഹൃത്ത്, എല്ലാം തുറന്നു പറയാൻ, സങ്കടങ്ങളും സന്തോഷങ്ങളും പരാതികളും പരിഭവങ്ങളും എപ്പോഴും ഏതുസമയത്തും പരാതികൾ ഇല്ലാതെ പറയാനും കേൾക്കാനും ഒരു ചങ്ങാതി. ഈ കൊച്ചു ജീവിതത്തിൽ ആരാണത് ആഗ്രഹിക്കാത്തത്. ദൗർഭാഗ്യവശാൽ, ഇന്നത്തെ ന്യൂജെൻ തലമുറയ്ക്ക് കൈമോശം വന്നു പോയതും കറകളഞ്ഞ ഇത്തരം സൗഹൃദങ്ങളാണ്. പലതും നേടിയെടുക്കാനുള്ള ആ ഓട്ടത്തിനിടയിൽ എപ്പോഴെങ്കിലും ഒന്നു വീണുപോകുമ്പോഴായിരിക്കും നാം നഷ്ടപ്പെടുത്തിയ സൗഹൃദത്തെപ്പറ്റി ചിന്തിക്കുക, അപ്പോഴേക്കും താങ്ങാകേണ്ടവർ പലരും ഒരുപാടു ദൂരത്തായിരിക്കുകയും ചെയ്യും. എന്നാൽ, ഇങ്ങനെയുള്ള തീർത്തും ഒറ്റപെടലിന്റെയും സങ്കടങ്ങളുടെയും നടുവിൽ നിൽക്കുമ്പോൾ നമ്മെ കരുതുന്ന ഒരു ചങ്ക് കൂട്ടുകാരൻ നമുക്കുണ്ട്, നമ്മുടെ സ്വന്തം നസ്രായൻ. അവനെ നമ്മുടെ ചങ്ക് ചങ്ങായി ആയി കൂടെ കൂട്ടിയവർ വളരെ കുറവാണ്. എന്നാൽ അവനെ ചങ്കായി കിട്ടിയവരോ ഈ ലോകത്തിലേക്കു വെച്ചേറ്റവും ഭാഗ്യം ചെയ്തവരും.
കുഞ്ഞുനാളിൽ വേദപാഠക്ലാസിൽ കേട്ടുമറന്ന നസ്രായനെന്ന (അവന്‍ നസ്രായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു. മത്തായി 2 : 23) പേര് വീണ്ടും ഓർക്കുവാനും ആ പേരുകാരനായ നസ്രായനായ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാക്കിയെടുക്കുവാനും ആ നസ്രായനെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണുവാനും അച്ചൻ തന്റെ പേജിലൂടെ നമ്മളെ ക്ഷണിക്കുമ്പോൾ, സ്നേഹം കൊണ്ട് എന്നെയും നിങ്ങളെയും ഈ ലോകം മുഴുവനെയും കീഴടക്കിയമുപ്പത്തിമൂന്നുകാരൻ നസ്രായൻ നമ്മുടെയും സ്വന്തമാകുകയാണ്.
കുഞ്ഞുനാൾ മുതൽ ഈശോ എന്ന വ്യക്തിയോട് ഒരുപാടു സ്നേഹമായിരുന്നു .എന്നാൽ അതിലേറെ ഭയവും ബഹുമാനവുമായിരുന്നു. ഇന്ന് നസ്രായൻ എന്നു സ്നേഹത്തോടെ അവനെ വിളിക്കുമ്പോൾ അതിൽ നിറഞ്ഞു നില്കുന്നതത്രയും ഒരു ചങ്ക് കൂട്ടുകാരനോടുള്ള സ്നേഹമാണ്. അതേ എന്തും എപ്പോഴും തുറന്നുപറയാൻ പറ്റുന്ന ചങ്ക് കൂട്ടുകാരൻ. ഈ ചങ്കിനോട് ഇത്രയും അടുക്കാനും കൂട്ടുകൂടാനും എല്ലാ കാര്യങ്ങളും അവനോടു ആദ്യം പറയാനും പഠിപ്പിച്ച് തന്നത് യൂത്തന്മാരുടെ ചങ്ക് അനീഷ് അച്ചനാണ്. എങ്ങനെ പ്രാർത്ഥിക്കണമെന്നോ എന്ത് പ്രാർത്ഥിക്കണമെന്നോ പലപ്പോഴും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. കേവലം ആചാരാനുഷ്ടാനങ്ങൾക്കും കാര്യസാധ്യത്തിനും വേണ്ടി എന്തൊക്കെയോ പ്രാർത്ഥിച്ചു എന്നു വരുത്തിത്തീർക്കുന്ന ഈ കാലത്ത് ഒരു ചങ്ക് ചങ്ങായിയോട് എല്ലാം തുറന്നു പറയുന്ന പങ്കുവെയ്ക്കുന്ന രീതിയിൽ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും എല്ലാം തുറന്നു പറയാൻ പറ്റിയ ചങ്ക് ചങ്ങായി ആയി നസ്രായനെ ജീവിതത്തിൽ നെഞ്ചോടു ചേർത്ത് നിർത്താൻ പഠിപ്പിച്ചതും അച്ചനാണ്. വലിയ പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കുമപ്പുറം ചെറിയ ചെറിയ പ്രാർത്ഥനകളിലൂടെ ആത്മീയ വളർച്ചയ്‌ക്കൊപ്പം അക്ഷരങ്ങളിലൂടെ ഒരു നല്ല മോട്ടിവേറ്റർ കൂടിയായ അനീഷച്ചൻ ആവശ്യസമയങ്ങളിൽ സോഷ്യൽ മീഡിയയിൽ സഭയുടെ ശബ്ദമായി മാറുകയും ചെയ്യുന്നു. അച്ചനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിരവധി യുവജനങ്ങൾ, നസ്രായന്റെ കൂട്ടുകാരൻ, നസ്രായന്റെ കൂട്ടുകാരി, നസ്രായന്റെ പിന്നാലെ, നസ്രായന്റെ തൂലിക, നസ്രായന്റെ ചങ്കൻ തുടങ്ങി നിരവധി ഫേസ്ബുക് ഇൻസ്റ്റഗ്രാം അക്കൗണ്ട്കളിലൂടെയും പേജ്കളിലൂടെയും നസ്രായനായ ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നു എന്നത് തികത്തും സന്തോഷം നൽകുന്ന കാര്യമാണ്.
കൊറോണയെന്ന മഹാവിപത്ത് ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ പലരും നിരാശയിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയിലും തങ്ങളുടെ അനുഭവങ്ങളെ അക്ഷരങ്ങളായി പകർത്താൻ അച്ചൻ തന്റെ പേജിലൂടെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.'കൊറോണ ഡയറിക്കുറിപ്പുകൾ 'എന്ന പേരിൽ അച്ചൻ ഫേസ്ബുക് പേജിലൂടെ ആരംഭിച്ച എഴുത്തുപുരയിൽ പണിതീർന്ന എഴുത്തുകളെല്ലാം മറ്റൊരു പുസ്തകമായി ഉടൻ പുറത്തിറങ്ങും. അച്ചന്റെ ചെറിയ ക്രിസ്തു വിചാരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും കാണാൻ, അറിയാൻ അച്ചന്റെ ഫേസ്ബുക് പേജ് ഒന്നു വിസിറ്റ് ചെയ്താൽ മാത്രം മതിയാകും.
അച്ചൻ തന്റെ വിളിക്കു യോജിച്ച രീതിയിൽ നസ്രായനെ പ്രഘോഷിക്കുന്നതോടൊപ്പം തന്നെ നല്ലൊരു എഴുത്തുകാരനും പ്രഭാഷകനും കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്. 'വിശുദ്ധ നോർബെർട്;പരിശുദ്ധകുർബാനയുടെ അപ്പസ്തോലൻ' എന്ന പുസ്തകത്തിലൂടെയാണ് അനീഷച്ചനെ മലയാളികൾ ആദ്യമായി പരിചയപ്പെടുന്നത്. ശരിയായ ദിശയറിയാതെ ഉഴലുന്ന യൂത്തന്മാർക്ക് ഒരു ചൂണ്ടുപലകയായിട്ടാണ് കാലിക പ്രസിദ്ധമായ ലേഖനങ്ങൾ ഉൾപ്പെടുത്തിയ 'യൂത്ത് ബുക്ക്' എന്ന ബുക്കിന്റെ രണ്ടാം എഡിഷൻ 'യൂത്തന്മാർക്കിടയിൽ തരംഗമായത്. ഈ വർഷത്തെ നോമ്പുകാലത്തോടനുവന്ധിച്ചു അച്ചൻ എഴുതിയ നോമ്പുകാലഗാനം അച്ചന്റെ പേജിലൂടെ അനേകം പേർക്ക് ആത്മീയമായി ഒരു പുത്തൻ ഉണർവിനു ഇടയാക്കിയിരുന്നു. 'ഡിസംബർ യാത്ര, ക്രിസ്തുമസ് ഓർമ്മപ്പെടുത്തലുകൾ, 'നസ്രായന്റെ ഡയറിക്കുറിപ്പുകൾ' എന്നീ നോമ്പുകാലചിന്തകൾ ഫേസ്ബുക് പേജിലൂടെ ആയിരങ്ങളാണ് നെഞ്ചിലേറ്റിയത്. ഇവയെല്ലാം പുസ്തകതാളുകളിലേക്കാക്കി മാറ്റുന്നതിന്റെ തിരക്കിലാണ് അനീഷച്ചൻ. അതോടൊപ്പം, വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെ അച്ചൻ തന്റെ എഴുത്തുകൾ തുടരുന്നു. 'കാത്തിരിക്കുന്ന സ്നേഹം','വോയിസ് ഓഫ് ഗോഡ്' 'അർപ്പണം' എന്നീ ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിലെ മനോഹരമായ വരികളിലൂടെ, വളർന്നുവരുന്ന ഒരു ഗാനരചയിതാവ് കൂടിയാണെന്ന് അച്ചൻ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. 'അതിജീവനം' എന്ന ക്യാൻസർ രോഗികൾക്കുള്ള ഒരു ആശ്വാസ ഗാനവും 'തിരുവസ്ത്രം' എന്ന പുരോഹിതരുടെ തിരുവസ്ത്രമായ കാപ്പയെക്കുറിച്ചുള്ള മ്യൂസിക്കൽ വീഡിയോ ആൽബവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
വ്യക്തിബന്ധങ്ങളുടെ, കുടുംബബന്ധങ്ങളുടെ, സഭയുടെ ഒക്കെ കെട്ടുറപ്പിന് നമ്മുടെ നല്ല ചിന്തകളും എഴുത്തുകളും കാരണമായാൽ, ഇരുളടഞ്ഞ മനസുകളിൽ പ്രകാശം പകരാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം അർത്ഥപൂർണമായി. അന്ധകാരശക്തികൾ മനുഷ്യമനസുകളെ കീഴടക്കാനുള്ള പരിശ്രമത്തിലാണ്. അതിനിടയിൽപ്പെട്ടു എരിഞ്ഞു തീരാതെ ഓരോ മനുഷ്യമനസ്സിലേക്കും പ്രകാശത്തിന്റെ ഒരു കൈത്തിരിനാളവുമായി കയറിച്ചെല്ലാൻ അച്ചന് സാധിക്കട്ടെ.
ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് ജേർണലിസം, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദവും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബി. എഡും പൂർത്തിയാക്കിയ അനീഷച്ചൻ ഇപ്പോൾ ചങ്ങനാശ്ശേരിയിലെ സെന്റ്. ജോസഫ് മീഡിയ വില്ലേജിൽ, ഉപരിപഠനം നടത്തുന്നു. ഇനിയും അനേകം ഹൃദയങ്ങൾക്കു പ്രചോദനമാകുവാൻ നസ്രായന്‍ അനീഷ് അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
അച്ചന്റെ ഫേസ്ബുക് പേജ് വിസിറ്റ് ചെയ്യുക.
നസ്രായന്റെ കൂടെ or Fr. Anish Karimaloor O. Praem
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.