ദൗത്യം ലക്ഷ്യം കണ്ടില്ല; ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹ വിക്ഷേപണം പരാജയം

 ദൗത്യം ലക്ഷ്യം കണ്ടില്ല; ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹ വിക്ഷേപണം പരാജയം

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എല്‍വി സി-61 വിക്ഷേപണം പരാജയം. ഇന്ന് രാവിലെ 5:59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നാണ് ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി-61 കുതിച്ചുയര്‍ന്നത്. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ അറിയിച്ചു. വിക്ഷേപണ ശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും അദേഹം പറഞ്ഞു.

ഏത് കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്.

വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ചിരുന്നു.

1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറാന്‍ ഇഒഎസ്-09ന് കഴിയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.