മുംബൈ: ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉല്‍പന്നമായി സ്മാര്‍ട്ട് ഫോണുകള്‍. പെട്രോളിയം ഉല്‍പന്നങ്ങളെ മറികടന്നാണ് സ്മാര്‍ട്ട് ഫോണുകളുടെ കുതിച്ചു ചാട്ടം. സര്‍ക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്ഫോണ്‍ മുന്നിലെത്തിയത്.
ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട് ഫോണുകള്‍ കയറ്റി അയച്ചു. 2023-24 ല്‍ ഇത് 1,557 കോടി ഡോളറും 2022-23 ല്‍ 1,096 കോടി ഡോളറുമായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23 ല്‍ 216 കോടി ഡോളറായിരുന്നത് 2024-25 ല്‍ 1,060 കോടി ഡോളറായി ഉയര്‍ന്നു. അഞ്ച് മടങ്ങാണ് വര്‍ധന. ജപ്പാനിലേക്കുള്ളത് ഇതേ കാലയളവില്‍ 12 കോടി ഡോളറില്‍ നിന്ന് 52 കോടി ഡോളറായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍പാദന അനുബന്ധ പദ്ധതിയാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് എന്ന അനാലിസിസ് കമ്പനിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയുടെ 94 ശതമാനവും ആപ്പിളും സാംസങ്ങും ചേര്‍ന്നാണ്. 2025 ജനുവരി-മാര്‍ച്ച് കാലത്ത് 30 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചതായി ഐഡിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതില്‍ കൂടുതലും ഐഫോണ്‍-16 ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.