ഏകീകൃത കുര്‍ബാന: തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ അപകടകരമെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

ഏകീകൃത കുര്‍ബാന: തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ അപകടകരമെന്ന്  സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണം നടത്തുന്നതുമായി ബന്ധപ്പെട്ട് ചില സംഘടനകള്‍ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് അയച്ചതായി പറയപ്പെടുന്ന കത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ചില പത്രവാര്‍ത്തകള്‍ പ്രചരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇട വരുത്തുന്നതായി സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതും വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ ഇത്തരം പ്രചരണങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. സീറോ മലബാര്‍ സഭയിലെ ഉന്നത അധികാര സമിതി മെത്രാന്‍ സംഘമാണ്. ആരാധനക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിനഡ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അന്തിമവുമാണ്.

കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡിന്റെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നതും പുനപരിശോധനയുടെ വിഷയമല്ലെന്നതും വസ്തുതയായിരിക്കെ സിനഡ് തീരുമാനത്തെയും സിനഡിന്റെ അധികാരത്തെയും കുറിച്ച് തെറ്റിദ്ധാരണാ ജനകമായ ഇത്തരം അബദ്ധ പ്രചരണങ്ങള്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ ദോഷകരമായി ബാധിക്കും.

സീറോമലബാര്‍ സഭയില്‍ ഏകീകൃത രീതിയിലുള്ള കുര്‍ബാന അര്‍പ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സിനഡ് തീരുമാനം പൗരസ്ത്യ തിരുസംഘവും സാര്‍വത്രിക സഭയുടെ തലവനായ റോമാ മാര്‍പ്പാപ്പയും അംഗീകരിക്കുകയും നടപ്പിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായതിനാല്‍ ഈ വിഷയത്തില്‍ ഒരു പിന്മാറ്റം നമുക്ക് സാധ്യല്ല.

അതിനാല്‍ പ്രസ്തുത തീരുമാനം നടപ്പിലാക്കി സഭയുടെ ഐക്യവും ഏകതയും പരിരക്ഷിക്കേണ്ടതിന്റെ സാധ്യതകളെക്കുറിച്ചാണ് സഭയ്ക്കുള്ളില്‍ പരസ്പര ബഹുമാനത്തോടെയും തുറവിയോടെയും ചര്‍ച്ചകള്‍ നടക്കേണ്ടതും പരിഹാരത്തിലെത്തേണ്ടതെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

അനുരഞ്ജനത്തിന്റെയും സഭാഷണത്തിന്റെയും വാതിലുകള്‍ അസഹിഷ്ണുതയോടെയും അക്ഷമയോടെയും കൊട്ടിയടച്ചു വിഭജനത്തിന്റെ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സഭാ ഗാത്രത്തില്‍ ഏല്‍പ്പിക്കാനുള്ള നീക്കങ്ങളെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.