ദൈവസ്നേഹത്തിന്റെ പാതയിൽ ഒരുമിച്ച് നടക്കാനും ഐക്യത്തിൽ നിലനിൽക്കാനും ആഹ്വാനം ചെയ്ത് സ്ഥാനാരോഹണവേളയിൽ ലിയോ പതിനാലാമൻ മാർപാപ്പ

ദൈവസ്നേഹത്തിന്റെ പാതയിൽ ഒരുമിച്ച് നടക്കാനും ഐക്യത്തിൽ നിലനിൽക്കാനും ആഹ്വാനം ചെയ്ത് സ്ഥാനാരോഹണവേളയിൽ ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ദൈവസ്നേഹത്തിന്റെ പാതയിൽ ഒരുമിച്ച് നടക്കാനും ഒരു കുടുംബമെന്നപോലെ ഐക്യത്തിൽ നിലനിൽക്കാനും സഭയോടും ലോകത്തോടും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. തൻ്റെ സ്ഥാനാരോഹണ ശുശ്രൂഷയോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.

നിരവധി ലോകനേതാക്കളും വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളുടെ പ്രതിനിധികളുമുൾപ്പെടെ രണ്ടു ലക്ഷത്തിലധികം തീർത്ഥാടകർ വത്തിക്കാൻ സ്ക്വയറിൽ സന്നിഹിതരായിരുന്നു.

യഹൂദ, മുസ്ലീം, ഹിന്ദു, ബുദ്ധ, ജൈന, സിഖ്, സൊരാഷ്ട്രിയൻ മതങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ സംബന്ധിച്ചു. ഭക്തിസാന്ദ്രവും സന്തോഷഭരിതവുമായ അന്തരീക്ഷത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു കൊണ്ടാണ് ലിയോ പതിനാലാമൻ മാർപാപ്പ പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള തൻ്റെ ശ്ലൈഹിക ശുശ്രൂഷയുടെ ആരംഭം കുറിച്ചത്.

മെയ് 18 ഞായറാഴ്ച രാവിലെ പ്രാദേശിക സമയം പത്തുമണിക്കാണ് തിരുകർമ്മങ്ങൾ ആരംഭിച്ചത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേകം തയ്യാറാക്കിയ ബലിവേദിയിലാണ് ദിവ്യബലി അർപ്പിക്കപ്പെട്ടത്. ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷ പാരായണത്തിനുശേഷം, പാലിയവും മോതിരവും സ്വീകരിച്ചുകൊണ്ട് ലിയോ മാർപാപ്പ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തുടർന്ന് മാർപാപ്പ സുവിശേഷഗ്രന്ഥം ഉയർത്തി ദൈവജനത്തെ ആശീർവദിച്ചു. ഇതിനുശേഷമായിരുന്നു പാപ്പായുടെ വചനസന്ദേശം.

നന്ദി നിറഞ്ഞ ഹൃദയത്തോടെ

ആഗോള സഭയുടെ അജപാലന ദൗത്യം ആരംഭിക്കുന്ന ഈ നിമിഷങ്ങളിൽ പ്രാർഥനയാലും സന്തോഷപൂർണ്ണമായ സാന്നിധ്യത്താലും സർവ്വരും തനിക്കു നൽകുന്ന പിന്തുണയ്ക്ക് മാർപാപ്പ ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചു. ഫ്രാൻസിസ് പാപ്പയുടെ ദേഹവിയോഗത്തിനുശേഷം നാം കടന്നുപോയത് 'ഇടയനില്ലാത്ത ആടുകളുടെ' അവസ്ഥയിലൂടെയിരുന്നെന്ന് മാർപാപ്പ അനുസ്മരിച്ചു.

എന്നിരുന്നാലും, ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ അവസാന ആശിർവാദം, തൻ്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കാത്തവനായ കർത്താവിനെ വിശ്വാസത്തോടും പ്രത്യാശയോടും ആനന്ദത്തോടുംകൂടെ നോക്കാൻ നമ്മെ പ്രാപ്തരാക്കിയെന്ന് പാപ്പ കൂട്ടിച്ചേർത്തു.

സ്നേഹത്തിലും ഐക്യത്തിലും ഒന്നിക്കാം

'എൻ്റേതായ ഏതെങ്കിലും യോഗ്യതകൾ മൂലമല്ല ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഭയത്തോടും വിറയലോടും കൂടിയാണ് ഞാൻ ഈ ശുശ്രൂഷ ഏറ്റെടുക്കുന്നത്. നിങ്ങളുടെ ഒരു സഹോദരൻ എന്ന നിലയിലാണ് ഞാൻ നിങ്ങളുടെ അടുക്കലേക്ക് വരുന്നത്. നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സേവകനാകാനും, ദൈവസ്നേഹത്തിന്റെ പാതയിൽ ഒരുമിച്ചു സഞ്ചരിച്ചുകൊണ്ട് ഒരു കുടുംബം പോലെയാകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത് - പാപ്പാ പറഞ്ഞു.

സ്നേഹവും ഐക്യവുമാണ് യേശു പത്രോസിനെ ഏൽപ്പിച്ച ദൗത്യത്തിന്റെ രണ്ടു മാനങ്ങൾ. ഈ ദൗത്യം തുടരുന്നതിനെക്കുറിച്ചാണ് ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗത്ത് അവിടുന്ന് ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. എല്ലാ മനുഷ്യരും ദൈവത്തിന്റെ ആശ്ലേഷം അനുഭവിക്കാൻ തക്കവിധം സുവിശേഷത്തിന്റെ പ്രത്യാശ എല്ലാവരിലും എത്തിക്കാനാണ് അവിടുന്ന് അവരെ 'മനുഷ്യരെ പിടിക്കുന്നവരാകാൻ' വിളിച്ചത്. അനന്തമായ, ഉപാധികളില്ലാത്ത ദൈവസ്നേഹം തിരിച്ചറിഞ്ഞപ്പോഴാണ് പത്രോസിന് ഈ ദൗത്യം ഏറ്റെടുക്കാനുള്ള ശക്തി ലഭിച്ചത് - പാപ്പാ വിശദീകരിച്ചു.

ത്യാഗപൂർണമായ സ്നേഹം

പത്രോസിന് ഭരമേൽപ്പിക്കപ്പെട്ടത് കൂടുതൽ സ്നേഹിക്കാനും അജഗണത്തിനായി സ്വജീവൻ പോലും അർപ്പിക്കാനുമുള്ള ദൗത്യമാണ്. സ്വയം പരിത്യജിച്ച് സ്നേഹിക്കുന്നതിലൂടെയാണ് പത്രോസിന്റെ ശുശ്രൂഷ വ്യതിരിക്തമാകുന്നത്. കാരണം, ക്രിസ്തുവിന്റെ ഈ സ്നേഹ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് റോമിലെ സഭയാണ്. ബലപ്രയോഗത്തിലൂടെയോ മതപ്രചരണത്തിലൂടെയോ അല്ല മറിച്ച്, യേശു സ്നേഹിച്ചതുപോലെ സ്നേഹിച്ചു കൊണ്ടാണ് സഭ ഈ ശുശ്രൂഷ നിർവഹിക്കുന്നത്.

സഭ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളം

സഭയുടെ ഐക്യവും കൂട്ടായ്മയും ലോകത്തെ മാനസാന്തരത്തിലേക്ക് നയിക്കാനുള്ള അടയാളവും പുളിമാവുമായി മാറുമെന്ന് പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. വിദ്വേഷവും അക്രമവും മുൻവിധികളും ഭയവും സാമ്പത്തിക അസമത്വങ്ങളും മുറിപ്പെടുത്തിയ ഇന്നത്തെ ലോകത്തിൽ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും ചെറിയ പുളിമാവാകണമെന്ന് സഭ ആഗ്രഹിക്കുന്നു - പാപ്പാ പറഞ്ഞു.

എളിമയോടും സന്തോഷത്തോടും കൂടെ ലോകത്തോട് ഇപ്രകാരം പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: 'ക്രിസ്തുവിനെ നോക്കൂ! അവൻ്റെ അടുത്തേക്ക് വരൂ! നമ്മെ പ്രകാശിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന അവൻ്റെ വചനത്തെ സ്വാഗതം ചെയ്യാം. ക്രിസ്തുവിൽ നാം ഒന്നാണ്.

' സഭയിലുള്ളവരും സഹോദരീസഭകളിലെ അംഗങ്ങളും മറ്റു മതാനുയായികളും ദൈവത്തെ തേടുന്ന സ്ത്രീപുരുഷന്മാരായ സകലരും ഒന്നുചേർന്ന് പിന്തുടരേണ്ട പാതയാണിതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. മിഷനറി മനോഭാവം ഉയർത്തിപ്പിടിക്കുന്നതിലൂടെ ചെറിയ ചെറിയ ഗ്രൂപ്പുകളായി സ്വയം ചുരുങ്ങുന്നതിനെയും ലോകത്തേക്കാൾ ശ്രേഷ്ഠത ഭാവിക്കുന്നതിനെയും ചെറുക്കാൻ നമുക്കു സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

ദൈവസ്നേഹം എല്ലാവർക്കുമായി പങ്കുവയ്ക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ചരിത്രത്തെയും ഓരോ ജനതയുടെയും മതപരവും സാമൂഹികവുമായ സംസ്കാരത്തെയും വിലമതിച്ചു കൊണ്ടായിരിക്കണം.

'പ്രിയ സഹോദരീസഹോദരന്മാരെ, ഇത് പരസ്പരം സ്നേഹിക്കാനുള്ള സമയമാണ്! നമ്മെ സഹോദരരാക്കുന്ന ദൈവസ്നേഹമാണ് സുവിശേഷത്തിന്റെ കാതൽ' - പരിശുദ്ധ പിതാവ് പറഞ്ഞു. പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ നിറയാനുള്ള ആഹ്വാനം എല്ലാ വിശ്വാസികൾക്കും ലിയോ പതിനാലാമൻ പാപ്പ നൽകി.

ദൈവസ്നേഹത്തിൽ അടിത്തറയിട്ട, ഐക്യത്തിന്റെ അടയാളമായ, ലോകത്തിലേക്ക് കൈകൾ നീട്ടിയ, ദൈവവചനം പ്രഘോഷിക്കുന്ന ഒരു പ്രേഷിത സഭയെ നമുക്ക് പടുത്തുയർത്താം. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനും യോജിപ്പിന്റെയും മനുഷ്യത്വത്തിന്റെയും പുളിമാവായി മാറാനും അങ്ങനെ നമുക്ക് സാധിക്കും.

'ഒരുമിച്ച്, ഒരൊറ്റ ജനമായി, സഹോദരീസഹോദരന്മാരായി പരസ്പരം സ്നേഹിച്ചു കൊണ്ട് നമുക്ക് ദൈവത്തിലേക്ക് നടക്കാം' - ഈ ആഹ്വാനത്തോടെ പാപ്പ തൻ്റെ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.