അഹമ്മദാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ നാദിയാദ് സ്വദേശികളായ ജാസീം ഷാനവാസും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിന് പുറമേ സോഷ്യല്‍മീഡിയ വഴി പ്രതികള്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പ്രതികള്‍ ടെലഗ്രാമിലൂടെ പങ്കുവച്ചതായും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ലക്ഷ്യമിടുന്ന ഹാക്കര്‍മാരെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. പിടികൂടിയവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 'EXPLOITXSEC', 'ELITEXPLOIT' എന്നീ പേരുകളില്‍ രണ്ട് ടെലഗ്രാം ചാനലുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. ഇതിലൂടെ ഹാക്ക് ചെയ്യുന്നതിന്റെ ഓരോ നീക്കങ്ങളെ കുറിച്ച് പങ്കുവച്ചിരുന്നു. ഈ രേഖകളും പിടിച്ചെടുത്തു.
പ്ലസ്ടു വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതികള്‍ ആറ്, എട്ട് മാസത്തിനുള്ളിലാണ് ഹാക്കിങിനെ കുറിച്ച് പഠിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈത്തണ്‍, പൈഡ്രോയിഡ്, ടെര്‍മക്‌സ് തുടങ്ങിയ ടൂളുകളും ഭാഷകളും ഉപയോഗിച്ച് യൂട്യൂബില്‍ നിന്നാണ് ഹാക്കിങ് ടെക്‌നിക്കുകള്‍ പഠിച്ചത്. ഇരുവരും ഇന്ത്യക്കെതിരെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായും കണ്ടെത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.