ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍; മലയാളി താരം കരുണ്‍ നായരും ടീമില്‍

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍; മലയാളി താരം കരുണ്‍ നായരും ടീമില്‍

മുംബൈ: അടുത്ത മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നയിക്കും. റിഷബ് പന്ത് വൈസ് ക്യാപ്റ്റനാകും.

മലയാളിയായ കരുണ്‍ നായര്‍, യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിതിന്റെ അഭാവത്തില്‍ ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയാത്തതിനാല്‍ ക്യാപ്റ്റന്‍സി വേണ്ടെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചതിനാലാണ് ഗില്ലിന് അവസരം ലഭിച്ചത്.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ കൂടുതല്‍ കളിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ബുംറ സെലക്ടര്‍മാരെ അറിയിച്ചെന്ന വിവരം പുറത്തു വന്നിരുന്നു. ഐപിഎല്ലിലൊഴികെ ഇന്ത്യന്‍ ടീമിനെ ഒരു ഫോര്‍മാറ്റിലും നയിച്ചു പരിചയമില്ലെങ്കിലും എല്ലാ ഫോര്‍മാറ്റിലും സ്ഥിരത പുലര്‍ത്തുന്നതാണ് ഗില്ലിന് അനുകൂല ഘടകം. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റാന്‍സിന്റെ ക്യാപ്റ്റനായും ബാറ്ററായും മികച്ച ഫോമിലാണ് ഗില്‍.

ശുഭ്മാന്‍ ഗില്ലുമായി കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപനം. മലയാളി താരം കരുണ്‍ നായരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എട്ട് വര്‍ഷത്തിന് ശേഷമാണ് കരുണ്‍നായര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

രഞ്ജി ട്രോഫിയില്‍ ഉള്‍പ്പടെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കരുണ്‍ കാഴ്ചവച്ചിരുന്നത്. രഞ്ജിയിലെ 10 മത്സരങ്ങളില്‍ നാല് സെഞ്ച്വറിയടക്കം 863 റണ്‍സ് കരുണ്‍ നേടിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ്‌നാട് ബാറ്റര്‍ സായ് സുദര്‍ശനനും ടീമിലെത്തിയിട്ടുണ്ട്. ടെസ്റ്റ് പര്യടനത്തിന് മുമ്പ് ഇംഗ്‌ളണ്ടില്‍ ചതുര്‍ദിനം കളിക്കാനായി പോകുന്ന ഇന്ത്യന്‍ എ ടീമിലും സായ്യും കരുണുമുണ്ട്. പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അഞ്ച് ടെസ്റ്റുകളിലും കളിക്കാനുള്ള ഫിറ്റ്നെസ് ഷമിക്കില്ലെന്ന് കണക്കിലെടുത്താണ് തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.