'ഇന്ത്യ മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ': യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്

'ഇന്ത്യ മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ': യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട്

ഇന്ത്യ പാകിസ്ഥാനെ കാണുന്നത് 'അനുബന്ധ സുരക്ഷാ പ്രശ്‌നം' ആയിട്ടും പാകിസ്ഥാന്‍ ഇന്ത്യയെ കാണുന്നത് 'അസ്ഥിത്വ ഭീഷണി' ആയിട്ടുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാഷിങ്ടണ്‍: ചൈനയെയാണ് പ്രധാന എതിരാളിയായി ഇന്ത്യ കണക്കാക്കുന്നതെന്നും പാകിസ്ഥാനെ 'അനുബന്ധ സുരക്ഷാ പ്രശ്‌നം' ആയിട്ടാണ് ഇന്ത്യ കരുതുന്നതെന്നും അമേരിക്ക. യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ (ഡി.ഐ.എ) വേള്‍ഡ് ത്രെറ്റ് ആസസ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ കാണുന്നത് അസ്ഥിത്വ ഭീഷണിയായി ആണെന്നും അതുകൊണ്ട് അവര്‍ സൈന്യത്തെ ആധുനികവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സൈനിക നേട്ടങ്ങളോട് മത്സരിക്കാന്‍ പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധങ്ങള്‍ അടക്കം വികസിപ്പിക്കുന്നു.

അതേസമയം ചൈനയെ നേരിടുന്നതിനും ഇന്ത്യയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിരോധ മുന്‍ഗണനകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന്റെ മുഖ്യ ആശ്രയം ചൈനയാണെന്നും അവരുടെ സാമ്പത്തിക, സൈനിക, സാങ്കേതിക സഹായങ്ങള്‍ ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് പാകിസ്ഥാന്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാക്, ചൈനീസ് സൈന്യം എല്ലാ വര്‍ഷവും ഒന്നിലേറെ അഭ്യാസങ്ങള്‍ നടത്തുന്നു. പാകിസ്ഥാന്റെയും ഉത്തര കൊറിയയുടെയും ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഖരം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിന് വര്‍ഷങ്ങളായി ചൈനയുടെ സഹായമുണ്ട്.

ചൈനയുടെ ആണവായുധ ശേഖരം 600 കടന്നിരിക്കാം. 2030 ഓടെ ഇത് 1,000 കടക്കും. ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം 170 ആണവായുധങ്ങള്‍ വീതമെന്ന് കരുതുന്നു. പാകിസ്ഥാന്‍ അവരുടെ ഹ്രസ്വ ദൂര നാസര്‍ മിസൈല്‍ അടക്കം പരിഷ്‌കരിക്കുന്നു തുടങ്ങിയ കാര്യങ്ങളും യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.