തിരുവനന്തപുരം: കൊച്ചി തീരത്ത് കഴിഞ്ഞ മെയ് 24 ന് അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ 3 കപ്പലിന്റെ ഉടമ, ഷിപ്പ് മാസ്റ്റര്‍, ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്കെരെ കേസെടുത്ത് പോലീസ്.
കപ്പല്‍ ഉടമയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റര്‍, ക്രൂ അംഗങ്ങള്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സി. ഷാംജി എന്നയാളുടെ പരാതിയിലാണ് കേസ്. ഭാരതീയ ന്യയ സംഹിത 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളും സ്‌ഫോടക വസ്തുക്കളും ഉണ്ടെന്ന അറിവ് നിലനില്‍ക്കെ മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പല്‍ കൈകാര്യം ചെയ്‌തെന്നും ഇതുവഴി അപകടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് വിനാശ കാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. കൂടാതെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കാന്‍ ഇത് ഇടയാക്കി. കപ്പല്‍ മൂലവും കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ മൂലവും കപ്പല്‍ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങള്‍ക്കും മറ്റും പൊതു സഞ്ചാരത്തിന് മാര്‍ഗ തടസം ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.
കപ്പലപകടത്തില്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതിനെതിരേ വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. കേസെടുക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.