ചര്‍ച്ചയും നയതന്ത്ര ഇടപെടലും സംഘര്‍ഷം ഇല്ലാതാക്കും; ഇറാന്‍-ഇസ്രയേല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ചര്‍ച്ചയും നയതന്ത്ര ഇടപെടലും സംഘര്‍ഷം ഇല്ലാതാക്കും; ഇറാന്‍-ഇസ്രയേല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണം. അതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്നും ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഇറാന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള എസ്സിഒ (ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍)യുടെ പ്രസ്താവനയില്‍ നിന്ന് അകലം പാലിച്ചുകൊണ്ടാണ് ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം. ഇന്ത്യയെയും ഇറാനെയും കൂടാതെ ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവയാണ് എസ്സിഒയിലെ മറ്റ് അംഗരാജ്യങ്ങള്‍. എസ്സിഒ പുറപ്പെടുവിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ശനിയാഴ്ച എസ്സിഒ പ്രസ്താവന പുറത്തിറക്കിയത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരേ ഗുരുതര വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്താവന. ഊര്‍ജ-ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനികേതര നിര്‍മിതികളെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണം സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിന് കാരണമായെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

എസ്സിഒ അംഗത്തിനെതിരായ ഏത് നിയമവിരുദ്ധ പ്രവര്‍ത്തനവും കൂട്ടായ്മയിലെ മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് മറ്റ് അംഗ രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവനയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വെള്ളിയാഴ്ച ഇറാന്റെയും ഇസ്രയേലിന്റെയും വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നെന്നും മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.