മരണക്കെണിയായി വൈദ്യുതി വേലികള്‍; ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് 24 പേരുടെ ജീവന്‍

 മരണക്കെണിയായി വൈദ്യുതി വേലികള്‍; ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞത് 24 പേരുടെ ജീവന്‍

തിരുവനന്തപുരം: കേരളത്തില്‍ അനധികൃത വൈദ്യുത വേലികളില്‍ തട്ടി  മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മനുഷ്യര്‍ ഒരുക്കിയ മരണക്കെണികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുന്‍ വര്‍ഷത്തേക്കാള്‍ അനധികൃ വൈദ്യുതി വേലി കാരണമുള്ള മരണ നിരക്ക് ഈ വര്‍ഷം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷം 16 പേരാണ് നിയമവിരുദ്ധമായി നിര്‍മിച്ച വേലി കാരണം മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പാലക്കാടാണ്. 10 പേരാണ് ഇവിടെ അനധികൃത വൈദ്യുതി വേലി കാരണം മരണമടഞ്ഞത്. തൃശൂര്‍ അഞ്ച്, മലപ്പുറം മൂന്ന്, പത്തനംതിട്ടയില്‍ രണ്ട് പേര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചതായി സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം വൈദ്യുതി അപകടങ്ങള്‍ മൂലം ആകെ 241 പേര്‍ ഈ കാലയളവില്‍ മരിച്ചു, മുന്‍ വര്‍ഷത്തേക്കാള്‍ മരണനിരക്ക് ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 205 പേരാണ് ഇങ്ങനെ മരണമടഞ്ഞത്. മാരകമല്ലാത്ത പരിക്കുകള്‍ സംഭവിച്ചവരുടെ എണ്ണം 109 ല്‍ നിന്ന് 140 ആയി ഉയര്‍ന്നു.

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനായി കര്‍ഷകര്‍ സ്ഥാപിച്ച അനധികൃത വേലികളായിരുന്നു ഇവയില്‍ ഏറിയ പങ്കും. ശാസ്ത്രീയവും സുരക്ഷിതവും നിയമപരവുമായ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ആളപായങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വിനോദ് ജി പറഞ്ഞു. പതിനായിരം രൂപ മുടക്കി ഐ.എസ്.ഐ അംഗീകാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ എന്നൊരു ഉപകരണം ഘടിപ്പിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ആളപായം ഉണ്ടാവുകയുമില്ല മൃഗശല്യവും തടയാനും കഴിയും.

നിയമപ്രകാരം വൈദ്യുത വേലികള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഫെന്‍സ് എനര്‍ജൈസര്‍ വൈദ്യുതിയെ അതിന്റെ തുടര്‍ച്ച മുറിച്ച് ഉയര്‍ന്ന വോള്‍ട്ടേജിലുള്ള പള്‍സുകളായാണ് വേലിയില്‍ കൂടി കടത്തിവിടുക. തുടര്‍ച്ചയായി വൈദ്യുതി പ്രവഹിക്കുന്ന വേലിയുമായി സ്പര്‍ശനം ഉണ്ടായാല്‍ അത് മരണകാരണമാകും. എന്നാല്‍ പള്‍സുകളായി ഇടവിട്ട് വൈദ്യുതി പ്രവഹിക്കുമ്പോള്‍ വേലിയില്‍ പിടിച്ചാല്‍ ശക്തിയായൊരു തട്ട് കിട്ടിയത് പോലെ തെറിച്ച് മാറുകയാവും സംഭവിക്കുക. അതിനാല്‍ മൃഗശല്യം തടയാനും കഴിയും.

അനധികൃത വേലികളുടെ പ്രശ്‌നം അടുത്തിടെ ഉന്നതതല സമിതി ചര്‍ച്ച ചെയ്തിരുന്നുവെന്ന് വിനോദ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍, അനധികൃത വേലികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സൂക്ഷ്മതല-സമിതികള്‍ രൂപീകരിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പകടറേറ്റ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. വന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തിനായി ഇന്‍സുലേറ്റഡ് കേബിളുകള്‍ ഉപയോഗിക്കുന്നതിനും പ്രേരിപ്പിക്കും. കെഎസ്ഇബി ലൈനുകളില്‍ നിന്ന് ആളുകള്‍ നേരിട്ട് വേലികളില്‍ വൈദ്യുതി ഉപയോഗിക്കുന്നത് തടയുന്നതിനാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടുപന്നികളെ കുടുക്കാന്‍ സാമൂഹിക വിരുദ്ധര്‍ വൈദ്യുതി വേലികള്‍ ഉപയോഗിക്കുന്നത് ആശങ്കയ്ക്ക് മറ്റൊരു കാരണമാണെന്ന് അദേഹം പറഞ്ഞു. ഇത്തരം സംഘങ്ങള്‍ മാംസക്കച്ചവടത്തിനായി മൃഗങ്ങളെ കുടുക്കുന്നു. കെഎസ്ഇബി ലൈനുമായി നേരിട്ട് വേലി ബന്ധിപ്പിക്കും. ഇതറിയാത്ത ഭൂവുടമകളോ വഴിയാത്രക്കാരോ ആയിരിക്കും ഇവിടെ അപകടത്തിന് ഇരായവുക എന്നും വിനോദ് വ്യക്തമാക്കി.

അനധികൃത വേലികള്‍ കൂടുതലും വിദൂര വന അതിര്‍ത്തികളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് നിരീക്ഷണം ബുദ്ധിമുട്ടാക്കുന്നുവെന്ന് പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുജേഷ് പി. ഗോപി പറഞ്ഞു. അവര്‍ സ്ഥാപിച്ച വേലിയില്‍ തട്ടി ആളുകള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ആളുകള്‍ വേലിയില്‍ ചാര്‍ജ്ജ് ചെയ്യുന്നു. ചിലപ്പോള്‍ രാവിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ അവര്‍ മറക്കുമെന്നും അജേഹം പറുന്നു.

സംസ്ഥാനത്ത് 2024-25 ല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് ആകെ 455 അപകടങ്ങള്‍ ഉണ്ടായിച കഴിഞ്ഞ വര്‍ഷം 362 അപകടങ്ങളാണ് സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങളില്‍ ഇരുപത് ശതമാനത്തോളം തടയാവുന്നതായിരുന്നു. കാരണം ഇവ സംഭവിച്ചത് രണ്ട് കാരണങ്ങളാലായിരുന്നു. -

നിയമവിരുദ്ധമായ വൈദ്യുതി വേലികളും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ് കമ്പി/ഗോവണി ഉപയോഗവും. ഇരുമ്പ് കമ്പി/ഗോവണി ഉപയോഗത്തിലൂടെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായി. മുന്‍ വര്‍ഷങ്ങളില്‍ മരിച്ചത് 11 പേരായിരുന്നു. ഴിഞ്ഞ വര്‍ഷം മരണസംഖ്യ 22 ആയി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.