സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്; കാരണം ജനന നിരക്കെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്; കാരണം ജനന നിരക്കെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.

എന്നാല്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍ വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയന വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010 ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.