കീം 2025 ഫലം പ്രഖ്യാപിച്ചു: എഞ്ചിനീയറിങില്‍ ഒന്നാം റാങ്ക് ജോണ്‍ ഷിനോജിന്; ഫാര്‍മസിയില്‍ അനഘ അനിലിന്

കീം 2025 ഫലം പ്രഖ്യാപിച്ചു: എഞ്ചിനീയറിങില്‍ ഒന്നാം റാങ്ക് ജോണ്‍ ഷിനോജിന്; ഫാര്‍മസിയില്‍ അനഘ അനിലിന്

കോഴിക്കോട്: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനിയറിങില്‍ മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്.

ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്ക് നേടി. കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും കരസ്ഥമാക്കി. ആകെ പരീക്ഷയെഴുതിയ 86,549 പേരില്‍ 76,230 പേര്‍ യോഗ്യത നേടി. മന്ത്രി ആര്‍. ബിന്ദുവാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. കേരള സിലബസിലെ കുട്ടികള്‍ പിന്നാക്കം പോവുന്നെന്ന പരാതിയെ തുടര്‍ന്ന് നിലവിലുള്ള മാര്‍ക്ക് ഏകീകരണ രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്. തമിഴ്‌നാട് മോഡല്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇതുപ്രകാരം, ഏതൊക്കെ ബോര്‍ഡ് പരീക്ഷകള്‍ എഴുതിയ കുട്ടികളാണോ എന്‍ട്രന്‍സ് എഴുതിയത് ആ ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ മാത്രമേ മാര്‍ക്ക് ഏകീകരണത്തിന് പരിഗണിക്കൂ. ഇതുവരെ ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ് അടക്കം 18 സംസ്ഥാന ബോര്‍ഡുകളുടെയും കേംബ്രിഡ്ജിന്റേതടക്കം വിദേശ ബോര്‍ഡുകളുടെയും മാര്‍ക്കുമായാണ് ഏകീകരണം നടത്തിയിരുന്നത്.

മാര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണമുള്ള ബോര്‍ഡുകളും ഉദാരമായി മാര്‍ക്ക് നല്‍കുന്ന കേരളവും തമ്മില്‍ മൂല്യത്തില്‍ വലിയ അന്തരമുണ്ടായി. കേരളത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളും എന്‍ട്രന്‍സ് റാങ്കില്‍ താഴേക്കു പോയി. ഇതിനു പരിഹാരമാണ് പുതിയ പ്രക്രിയ. സ്റ്റാറ്റിറ്റിക്‌സ് വിദഗ്ദ്ധരടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.