തിരുവനന്തപുരം: യന്ത്ര തകരാര്‍ മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി ഫൈറ്റര്‍ ജെറ്റ് നന്നാക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സൂചന.
വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാഗങ്ങളാക്കി പൊളിച്ച് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. ഇതിനായി സി.17 ഗ്ലോബ്മാസ്റ്റര്‍ എന്ന കൂറ്റന്‍ വിമാനം എത്തിക്കും. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് നല്‍കിയാവും വിമാനം കൊണ്ടു പോകുക.
പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമായില്ല. ചിറകുകള്‍ അഴിച്ചു മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം ഉടന്‍ തിരുവനന്തപുരത്തെത്തും. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തിലുണ്ട്.
സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്.
ജൂണ്‍ 14 ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിദഗ്ധരുടെ പരിശോധനയില്‍ വിമാനത്തിന്റെ സ്റ്റാര്‍ട്ടിങ് സംവിധാനത്തിനും പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനമുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.