ഒപ്പം ഉണ്ടായിരുന്ന ജോട്ടയുടെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും മരണപ്പെട്ടു
മാഡ്രിഡ്: സ്‌പെയ്‌നിലുണ്ടായ കാറപകടത്തില്‍ ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട അന്തരിച്ചു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 28 കാരന്റെ മരണം. കാറില്‍ ഒപ്പം ഉണ്ടായിരുന്ന ജോട്ടയുടെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വ(26)യും മരണപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം ഉണ്ടായത്.
സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30 നാണ് അപകടം നടന്നതെന്നാണ് വിവരം. കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. കാര്‍ റോഡില്‍ നിന്ന് തെന്നിമാറി ബാരിക്കേഡും തകര്‍ത്ത് കത്തിയമരുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്.

അപകടം കവര്‍ന്നത് പ്രിയതമയുടേയും മൂന്ന് മക്കളുടേയും സ്വപ്നം
അപകടം കവര്‍ന്നത് ഡിയോഗോ ജോട്ടയുടെ ജീവന്‍ മാത്രമായിരുന്നില്ല. അദേഹത്തിന്റെ പ്രിയതമ റൂട്ട് കാര്‍ദോസയുടേയും മൂന്ന് മക്കളുടേയും സ്വപ്നം കൂടിയായിരുന്നു. 28-ാം വയസില്‍ അപടം ജോട്ടയുടെ ജീവന്‍ കവര്‍ന്നപ്പോള്‍ മക്കളായ നാല് വയസുകാരന്‍ ഡെനീസിനേയും രണ്ട് വയസുകാരന്‍ ഡ്യൂറേട്ടിനേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറായാതെ വിഷമിക്കുകയാണ് ഭാര്യ റൂട്ട്. മൂന്നാമത്തെ മകള്‍ക്ക് ഒരു വയസ്‌പോലും പ്രായമായിട്ടില്ല. അവള്‍ക്ക് ആരെങ്കിലും പറഞ്ഞുനല്‍കുന്ന ഓര്‍മകള്‍ മാത്രമായിരിക്കും ഇനി അച്ഛന്‍.
ദീര്‍ഘകാല പങ്കാളിയായ ജോട്ടയും റൂട്ടും 10 ദിവസം മുമ്പാണ് വിവാഹിതരായത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിവാഹ വീഡിയോ ജോട്ട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസം' എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിരുന്നു. 'എന്റെ സ്വപ്നം സാക്ഷാത്കരിച്ചു' എന്ന് പറഞ്ഞ് വിവാഹ ഗൗണിലുള്ള ചിത്രങ്ങള്‍ രണ്ട് ദിവസം മുമ്പ് റൂട്ടും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാനാണ് ആ ഭാഗ്യവാന്‍' എന്നാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ ജോട്ട കുറിച്ചത്.

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ സുഹൃത്തുക്കളായവരാണ് ജോട്ടയും റൂട്ടും. 2012 ഒക്ടോബര്‍ 22 ന് ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ജോട്ടയ്ക്ക് 15 വയസും റൂട്ടിന് 13 ഉം ആയിരുന്നു. പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് ഇരുവരും ഒരുമിച്ച് വളര്‍ന്നത്. ഫുട്ബോള്‍ കരിയറിന്റെ തുടക്കകാലം മുതല്‍ ജോട്ടയ്ക്ക് പിന്തുണയുമായി റൂട്ട് കൂടെയുണ്ടായിരുന്നു. ജോട്ട ലോകമറിയുന്ന ഫുട്ബോള്‍ താരമായി വളര്‍ന്നപ്പോള്‍ റൂട്ടും ഒപ്പം സഞ്ചരിച്ചു. പല രാജ്യങ്ങളിലും ക്ലബ്ബുകളിലും ജോട്ടയ്ക്കൊപ്പം പോയി.
2022 ജൂലൈയിലാണ് റൂട്ട് ജോട്ടയുടെ ജീവിതത്തിലേക്ക് വന്നത്. അതിന് മുമ്പ് തന്നെ ഇരുവരുടേയും ആദ്യത്തെ കുഞ്ഞ് ജീവിതത്തിലേക്ക് വന്നിരുന്നു. 2023 ല്‍ ഡ്യൂറെറ്റും ജനിച്ചു. കഴിഞ്ഞ നവംബറിലാണ് ഇളയ മകള്‍ പിറന്നത്. അവളുടെ ഒന്നാം പിറന്നാളിന് കാത്തുനില്‍ക്കാതെയാണ് ജോട്ട മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.