തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി സിന്‍സിക്കേറ്റ് യോഗം റദ്ദാക്കി. രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.
താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ 25 നാണ് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
കേരള സര്‍വകലാശാലയില്‍ ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചെയറിലുണ്ടായിരുന്ന ഡോ.സിസ തോമസ് നിലപാടെടുത്തു.
ഇതോടെ യോഗം വന്‍ ബഹളമായി മാറി. തുടര്‍ന്ന് താല്‍ക്കാലിക വിസി ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പോടെ, രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.
ഡോ. ഷിജുഖാന്‍, അഡ്വ. ജി.മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. തീരുമാനം കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് താന്‍ ഇറങ്ങിപ്പോന്നതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്നും അത് നിയമപരമായി നിലനില്‍ക്കില്ലെന്നും വിസി ഡോ. സിസ തോമസ് പറഞ്ഞു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാകില്ല.
സസ്‌പെന്‍ഷന്‍ തുടരും. വിസിയുടെ അസാന്നിധ്യത്തില്‍ എടുക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് നിയമ സാധുതയില്ല. തന്റെ അസാന്നിധ്യത്തില്‍ നടക്കുന്നത് സിന്‍ഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങള്‍ മാത്രമാണ്.
വിസിയുടെ നിലപാട് കോടതിയില്‍ അറിയിക്കുമെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി. സിന്‍ഡിക്കേറ്റും തങ്ങളുടെ തീരുമാനം കോടതിയെ അറിയിക്കും. തിങ്കളാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.