ഒരു പൂച്ചയെ പരിപാലിക്കാന്‍ പറ്റുമോ?... കോടികളുടെ സ്വത്ത് എഴുതി തരാന്‍ ചൈനക്കാരന്‍ റെഡി!

ഒരു പൂച്ചയെ പരിപാലിക്കാന്‍ പറ്റുമോ?... കോടികളുടെ സ്വത്ത് എഴുതി തരാന്‍ ചൈനക്കാരന്‍ റെഡി!

ബീജിങ്: എണ്‍പത്തിരണ്ടുകാരനായ ചൈനീസ് പൗരന്‍ ലോങിന്റെ സന്തത സഹചാരിയാണ് സിയാന്‍ബ എന്ന പൂച്ചക്കുട്ടി. പത്ത് വര്‍ഷം മുന്‍പ് ഭാര്യ മരണമടഞ്ഞ ശേഷം ലോങിന്റെ എല്ലാമെല്ലാം ഈ പൂച്ചക്കുട്ടിയാണ്. ദമ്പതികള്‍ക്ക് മക്കളില്ല.

അതിനാല്‍ ലോങ് ഒരു കൂട്ടം തെരുവ് പൂച്ചകളെ തന്റെ മക്കളെപ്പോലെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവശേഷിക്കുന്നത് സിയാന്‍ബ എന്ന പൂച്ച മാത്രം. തന്റെ മരണ ശേഷം പൂച്ചക്കുട്ടി ഒറ്റയ്ക്കാകുമല്ലോ എന്നതാണ് ലോങിന്റെ ഇപ്പോഴത്തെ ദുഖം.

അതിന് അദേഹം കണ്ടെത്തിയ പോംവഴിയാണ് പൂച്ചയെ പരിപാലിക്കുന്നവര്‍ക്ക് തന്റെ സ്വത്ത് മുഴുവന്‍ നല്‍കുക എന്നുള്ളത്. ഗ്വാങ്ഡോണ്‍ പ്രവിശ്യയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് അദേഹം താമസിക്കുന്നത്. ജീവിത കാലം മുഴുവന്‍ ഈ പൂച്ചയെ സത്യസന്ധമായി നോക്കുന്ന വിശ്വസ്തനായ ഒരാളെയാണ് ലോങ് തേടുന്നത്.

ഈ പൂച്ചയെ നോക്കുന്നയാള്‍ക്ക് തന്റെ അപ്പാര്‍ട്ട്മെന്റും എസ്റ്റേറ്റും പണവും ഉള്‍പ്പെടെ മുഴുവന്‍ സമ്പാദ്യവും നല്‍കും. ഒരു മാധ്യമത്തോടാണ് ലോങ് ഇക്കാര്യം പറഞ്ഞത്. പൂച്ചയെ നല്ല രീതിയില്‍ പരിപാലിക്കുക എന്നതാണ് തന്റെ ഏക വ്യവസ്ഥയെന്നും അദേഹം പറഞ്ഞു.

ചൈനീസ് നഗരങ്ങളില്‍ വളര്‍ത്തു മൃഗങ്ങളുടെ എണ്ണം വരും കാലങ്ങളില്‍ കുട്ടികളേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അവിടെ വളര്‍ത്തുമൃഗ വിപണി കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു വ്യവസായമായി വളര്‍ന്നിരിക്കുകയാണ്.

യുവ തലമുറ വളര്‍ത്തു മൃഗങ്ങളെ കുടുംബാംഗങ്ങളായാണ് കാണുന്നത്. അവര്‍ മൃഗങ്ങള്‍ക്ക് വില കൂടിയ ഭക്ഷണങ്ങള്‍, ആരോഗ്യ സംരക്ഷണം, ഗ്രൂമിങ് തുടങ്ങിയവയ്ക്കെല്ലാം വലിയ രീതിയില്‍ പണം ചെലവഴിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.